‘മോദിപ്പട’ വിയര്‍ക്കും; രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടതെന്ന് മമത; ദല്‍ഹിയില്‍ പുതിയ കളികള്‍ക്ക് തുടക്കം

0
246

ന്യൂദല്‍ഹി: അഞ്ച് ദിവസത്തെ ദല്‍ഹി യാത്ര ഫലപ്രദമായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ട് മാസത്തില്‍ ഒരിക്കല്‍ താന്‍ ദല്‍ഹിയില്‍ വരുമെന്നും അവര്‍ പറഞ്ഞു.

” ജനാധിപത്യം നിലനിന്നുപോകണം. ദല്‍ഹി സന്ദര്‍ശനം വിജയകരമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ എന്റെ ഒരുപാട് സഹപ്രവര്‍ത്തകരെ കണ്ടുമുട്ടി. ഞങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കണ്ടുമുട്ടിയത്. ജനാധിപത്യം തുടരണം. ‘ജനാധിപത്യം സംരക്ഷിക്കുക, രാജ്യം സംരക്ഷിക്കുക’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. രണ്ട് മാസത്തിലൊരിക്കല്‍ ഞാന്‍ ഇവിടെയെത്തും,” മമത ബാനര്‍ജി പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലോളം മികച്ചൊരു കാര്യമില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ വിചാരിച്ച എല്ലാ നേതാക്കളെയും കാണാന്‍ പറ്റിയില്ലെന്നും എന്തായാലും കൂടിക്കാഴ്ച മികച്ചതായിരുന്നെന്നും അവര്‍ പറഞ്ഞു.

2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണിക്ക് തൃണമൂല്‍ ശ്രമം നടത്തുന്നുണ്ട്.

താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ വെച്ച് മമതയും സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ മുന്നണിയുണ്ടായാല്‍ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നാണ് നേരത്തെ മമതാ ബാനര്‍ജി പറഞ്ഞത്.

മുന്നണിയെ ആര് നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ താനൊരു രാഷ്ട്രീയ ജ്യോതിഷിയല്ല, എല്ലാം സാഹചര്യം പോലെയിരിക്കുമെന്നും മമത പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here