മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

0
213

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും.

മൊബൈൽ ഫോൺ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ.

മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം.

വിപുലമായ വാട്‌സാപ്പ് കൂട്ടായ്‌മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്‌സാപ്പ് കൂട്ടായ്‌മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ.

മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും.

600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്‌. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55.

പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ‘‘നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.’’

LEAVE A REPLY

Please enter your comment!
Please enter your name here