ക്രൂഡ് വില താഴേക്ക്‌, ഇന്ത്യയില്‍ ഇന്ധന വില കുറഞ്ഞില്ല; 12 ദിവസമായി മാറ്റമില്ലാതെ പെട്രോളും ഡീസലും

0
135

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടാമത്തെ ആഴ്ചയിലും കുറവില്ല. പന്ത്രണ്ടു ദിവസമായി ഇന്ധന വിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈയാഴ്ച വില കുറഞ്ഞേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്രെന്റ് ക്രൂഡില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് ഇന്ത്യയില്‍ സര്‍വകാല റെക്കോഡില്‍ നില്‍ക്കുന്ന ഇന്ധന വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 12 ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

രാജ്യാന്തര വിപണിയിലെ പ്രവണത വിലയിരുത്തിവരികയാണെന്നാണ് എണ്ണ കമ്പനി വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ മാസം ബാരലിന് 77 ഡോളറില്‍ എത്തിയ ക്രൂഡ് വില 68.85ല്‍ എത്തിയിട്ടുണ്ട്. 70 ഡോളറില്‍ കുറഞ്ഞ വിലയില്‍ ഏതാനും ദിവസം കൂടി തുടര്‍ന്നാല്‍ ആഭ്യന്തര വിപണിയിലെ വിലയില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രണ്ടാഴ്ചയോളമായി പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന ഇല്ലാതിരിക്കുന്നതു തന്നെ രാജ്യാന്തര വിപണിയിലെ വില മാറ്റത്തിന്റെ പ്രതിഫലനം ആണെന്നാണ് കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്രയും ദിവസം വിലയില്‍ മാറ്റമില്ലാതിരുന്നിട്ടില്ല.

രാജ്യാന്തര വിപണിയിലെ ക്രൂഡ് വിലയും ഡോളര്‍രൂപ നിരക്കും പരിഗണിച്ചാണ് പൊതു മേഖലാ എണ്ണ കമ്പനികള്‍ രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്. കേരളം ഉള്‍പ്പെടെ രാജ്യത്തെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇതാദ്യമായി നുറൂ രൂപ കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here