കോവിഡ് മുക്തരായ ചില രോഗികളുടെ കരളില്‍ പഴുപ്പ് നിറഞ്ഞ മുഴകളെന്ന് കണ്ടെത്തലുകള്‍

0
220

ന്യൂഡല്‍ഹി : സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളില്‍ കരളിന് തകരാറുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. രോഗമുക്തരായ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകളാണ് കണ്ടെത്തിയതെന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“രണ്ടാം തരംഗത്തിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ധാരാളം രോഗികളെ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ ഏതാണ്ട് 14 കോവിഡ് മുക്തരായ രോഗികളാണ് കരളിൽ പഴുപ്പു കെട്ടിയതിനെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്”, ഗംഗാറാം ആശുപത്രി പ്രൊഫസര്‍ അനില്‍ അറോറ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മുക്തരായി 22 ദിവസത്തിനുള്ളിൽ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞ അവസ്ഥ കണ്ടെത്തുകയായിരുന്നു. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. ഇത് അസാധാരണമാണ്.

’28 നും 74 വയസ്സിനും ഇടയിലുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളുെയുമാണ് സമാന രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ രോഗികള്‍ക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. മൂന്ന് രോഗികള്‍ക്ക് വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു അതിനാൽ കറുത്ത നിറത്തിലായിരുന്നു ഇവർക്ക് മലം പോയിരുന്നത്. ഇവരില്‍ എട്ട് രോഗികള്‍ക്കാണ് കോവിഡ് ബാധിച്ചപ്പോള്‍ സ്റ്റിറോയ്ഡ് നല്‍കിയിരുന്നത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ് നിറഞ്ഞ മുഴകൾ ഉണ്ടായിരുന്നു, അതില്‍ 5 രോഗികള്‍ക്ക് എട്ട് സെന്റിമീറ്ററലിലധികം വലിപ്പമുള്ള അസാധാരണ മുഴകളായിരുന്നു.  ഏറ്റവും വലുത് 19 സെന്റിമീറ്റര്‍ വലുപ്പമുള്ളതാണ് , ”അറോറ പറഞ്ഞു.

മലത്തില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയ രോഗികളുടെ വന്‍കുടലില്‍ അള്‍സര്‍ ബാധിച്ചിരുന്നു. 14ല്‍ 13 രോഗികള്‍ക്കും ആന്റിബയോട്ടിക്,  മെട്രോണിഡാസോള്‍ മരുന്നുകള്‍, കരളില്‍ നിന്ന് പഴുപ്പ് പുറന്തള്ളല്‍ എന്നീ ചികിത്സാരീതി നല്‍കിയതിലൂടെ രോഗമുക്തിയുണ്ടായി. വലിയ മുഴകളുണ്ടായിരുന്ന രോഗി കുടലില്‍ അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് മരിച്ചു.

ഇത്തരത്തിലുള്ള മുഴകൾ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കാണുന്നത് അപൂര്‍വ്വമാണെന്നും ഡോക്ടര്‍ അറോറ പറഞ്ഞു.

മഹാമാരി കാലത്ത് കോവിഡ് രോഗിമുക്തരില്‍ പനിയോ ഇത്തരം വേദനകളോ ലക്ഷണങ്ങളായുള്ള ഇത്തരം അണുബാധ കാണിച്ചാല്‍ എത്രയും പെട്ടെന്ന്‌ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here