കലാപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ താഴേക്കെറിഞ്ഞ് അമ്മ; ഞെട്ടിക്കും വീഡിയോ

0
372

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കലപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ താഴെക്കെറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ കുഞ്ഞും അമ്മയും സുരക്ഷിതരായി. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു.

പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ശ്വാസം നിലക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി ബിബിസിയോട് പറഞ്ഞു. കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും കുടുങ്ങി. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ അലറി. ഞാന്‍ ശരിക്കും ഭയന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മൂടിയിരുന്നു”- നലേദി പറഞ്ഞു. കുഞ്ഞിന് യാതൊരു പരിക്കുമേറ്റില്ല.

മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 72 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കോടതിയലക്ഷ്യ കേസിലാണ് സുമയെ 15 മാസം തടവിന് ശിക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here