കണക്കിൽ പൊരുത്തക്കേട്: കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

0
125

കണ്ണൂർ∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എംഎല്‍എ കെ.എം.ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈയാഴ്ച നോട്ടിസ് നല്‍കുമെന്നാണ് സൂചന. നേരത്തെ നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ഏറ്റവും ഒടുവില്‍ ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന പരിശോധനയില്‍ 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു വിശദീകരണം. യുഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനിട്സും രസീതിന്റെ രേഖകളും വിജിലന്‍സിനുമുന്നില്‍ ഹാജരാക്കി. കോഴിക്കോട്, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളുടേയും ബിസിനസിന്റേയും തെളിവുകളും ഷാജി നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് പുറമേ വിജിലന്‍സ് സ്വയം കുറെ തെളിവുകള്‍ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. എംഎല്‍എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നതായിരുന്നു ഷാജിക്കെതിരായ ആദ്യ ആരോപണം. ഇതിന് പിന്നാലെയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here