സുപ്രീം കോടതി ഇടപെടല്‍ ഫലം കണ്ടു; യു.പിയ്ക്ക് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദല്‍ഹി സര്‍ക്കാര്‍

0
224

ന്യൂദല്‍ഹി: യു.പിയ്ക്ക് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദല്‍ഹി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ കഴിഞ്ഞദിവസം കന്‍വാര്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യു.പി. സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കന്‍വാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യാത്ര നിര്‍ത്തിവെയ്ക്കുന്നതായി യോഗി സര്‍ക്കാര്‍ അറിയിച്ചത്.

സംഭവത്തില്‍ വിശദീകരണം ചോദിച്ച് യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കന്‍വാര്‍ യാത്രയ്ക്ക് യു.പി. സര്‍ക്കാര്‍ അനുവാദം നല്‍കിയത്.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈയ് 25 മുതല്‍ കന്‍വാര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി. സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍, കന്‍വാര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം.

ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കാന്‍വാര്‍ യാത്ര ഒരു തരത്തിലും സംഘടിപ്പിക്കരുതെന്നും അങ്ങനെ നടത്തിയാല്‍ ഇതിനെതിരെ ഉത്തരവ് പാസാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യു.പി. സര്‍ക്കാറിന്റെ തീരുമാനം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here