Wednesday, July 28, 2021

വീടൊഴിയാൻ തയ്യാറായില്ല, ​ഹൈവേയുടെ ഒത്ത നടുക്കൊരു വീട്ടിൽ താമസിക്കുന്ന സ്ത്രീ(വിഡിയോ)

Must Read

കിളികളുടെ ചിലപ്പും, ഇലകളുടെയും മർമ്മരവും കേട്ട് ഉണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാൽ ഇന്ന് വണ്ടികളുടെ ഹോണടികളും, ഇരപ്പും കെട്ടാണ് പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. എന്നിരുന്നാലും ചൈനയിലെ ഗ്വാങ്‌ഷൗവിൽ നിന്നുള്ള ലിയാങിന്റെ വീടിനോളം വരില്ല നഗരത്തിലെ ഒരു വീടും. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഹൈവേയുടെ ഒത്ത നടുക്കാണ് അത് സ്ഥിതിചെയ്യുന്നത്. അതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നുണ്ടാകും?

അവരുടെ വീട് ഇരുന്നിടത്ത് ഒരു ഹൈവേ പണിയാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ ചുമതലയുള്ള റിയൽ എസ്റ്റേറ്റ് ഡവലപ്പർ വീട് പൊളിക്കുമ്പോൾ വലിയ തുക നഷ്ടപരിഹാരമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, തന്റെ വീട് വിട്ടുകൊടുക്കാൻ വീടിന്റെ ഉടമ  തയ്യാറായില്ല. അവർ ആ തുക നിരസിച്ചു. എന്നാൽ, പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെ അധികാരികൾ തീരുമാനിച്ചു. പത്ത് വർഷത്തോളം അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അധികാരികൾ തുടർന്നു. എന്നാൽ, ഒടുവിൽ ക്ഷമ നശിച്ച അധികാരികൾ ആ വീട് കൊട്ടി അടച്ച് ഹൈവേ പണിതു. ട്രാക്കുകൾക്ക് നടുവിൽ അവരുടെ വീട് ഇപ്പോഴും തലയുയർത്തി നിൽക്കുന്നതായി കാണാം.

ഗുവാങ്‌ഡോംഗ് ടിവി സ്റ്റേഷൻ പറയുന്നതിനനുസരിച്ച്, 40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ ഒറ്റനില വീട് ഇപ്പോൾ നാല് വരി പാതയുടെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഇപ്പോൾ വണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദവും മലിനമായ വായുവും മാത്രമാണുള്ളത്. ഇത്രയും വർഷം ആ വീട്ടിൽ നിന്ന് അവർ മാറാതിരുന്നത് വീടിനോടുള്ള അമിത സ്നേഹം കൊണ്ടൊന്നുമല്ല. ഈ സ്ഥലം പോലെ പ്രാധാന്യമുള്ള മറ്റൊരു സ്ഥലത്തേക്ക് മാത്രമേ താൻ മാറൂ എന്നവർ നിർബന്ധം പിടിച്ചു. ഈ വീടിന് പകരമായി സർക്കാർ ലിയാങ്ങിന് രണ്ട് ഫ്ളാറ്റുകൾ വാഗ്ദാനം ചെയ്തെങ്കിലും അവർ അത് നിരസിക്കുകയും, നാല് ഫ്ളാറ്റുകൾ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

നാളെ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുള്ള ഭയമോ, മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ആവലാതിയോ ഒന്നും തനിക്കില്ലെന്ന്  അവർ പറഞ്ഞു. “ഈ അന്തരീക്ഷം മലിനമാണെന്ന് നിങ്ങൾ കരുതുന്നു. പക്ഷേ, എനിക്ക് ഇത് ശാന്തവും സുഖകരവുമാണ്” ലിയാങ് പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ലിയാങ് 10 വർഷമായി ചൈനീസ് സർക്കാരിനെതിരെ പോരാടുന്നു. വീട് വാങ്ങാനും പൊളിച്ച് മാറ്റാനും സർക്കാർ പദ്ധതിയിട്ടുവെങ്കിലും, അവർ അതിന് സമ്മതിക്കുന്നില്ല. ഒടുവിൽ, സർക്കാർ ആ വീടിന് ചുറ്റും ഒരു ദേശീയപാത നിർമ്മിക്കുകയും ഒരു മോട്ടോർവേ പാലം നിർമ്മിക്കുകയും ചെയ്തു. പത്ത് വർഷത്തിന് ശേഷം 2020 -ലാണ് പാലം പൂർത്തിയായത്.

അവിടെ ഉണ്ടായിരുന്ന 47 കുടുംബങ്ങളും, ഏഴ് കമ്പനികളും സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം വാങ്ങി അവിടെ നിന്ന് ഒഴിഞ്ഞു പോയി. ഇവർ മാത്രമാണ് ഒഴിയാൻ മടിച്ച് ഇപ്പോഴും അവിടെ തുടരുന്നത്. അവർക്ക് നഷ്ടപരിഹാരമായി പണവും, നിരവധി വീടുകളും സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും അവർ ഒന്നിനും വഴങ്ങുന്നില്ലെന്നാണ് പറയുന്നത്. റോഡിൽ കുടുങ്ങി കിടക്കുന്ന ഈ വീടുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ പാലം നിർമ്മിക്കുന്നതിനുമുമ്പ് അന്വേഷിച്ചതായി അധികാരികൾ പറയുന്നു. അതുകൊണ്ട് തന്നെ ദേശീയപാതയുടെ മധ്യത്തിൽ ലിയാങ്ങിന് സുരക്ഷിതമായി കഴിയാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും, പൊലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാരം: വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും....

More Articles Like This