വിദേശത്താണേല്‍ കോടിക്കിലുക്കം; തിമിംഗല ഛര്‍ദി കൈവശം വച്ചവരെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം ഇതാണ്

0
379

തിമിംഗല ഛര്‍ദി കൈവശം വയ്ക്കുകയും വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ തൃശൂരില്‍ പിടിയിലായത് വലിയ വാര്‍ത്തയായിരുന്നു. പലരാജ്യങ്ങളില്‍ കടല്‍ത്തീരത്ത് നിന്ന് കിട്ടിയ തിമിംഗല ഛര്‍ദി വിറ്റ് വന്‍തുക നേടിയ പലരേയും കുറിച്ചുള്ള വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അടക്കം വന്നിരുന്നു. അന്നൊന്നും അറസ്റ്റിലായ സംഭവം എവിടേയും കേട്ടിട്ടില്ല. എന്നാല്‍ തിമിംഗല ഛര്‍ദിയുമായി തൃശൂരില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ചേറ്റുവയിൽ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. വാടാനപ്പിള്ളി സ്വദേശി റഫീഖ് , പാലയൂർ സ്വദേശി ഫൈസൽ , എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിൽ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.  അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടിയിലേറെ മൂല്യം വരുന്ന തിമിംഗല ഛർദിലാണ് തൃശ്ശൂരിൽ പിടികൂടിയത്. ഒരു ജീവിയെ കൊലചെയ്യാതെ കിട്ടിയ വസ്തു എങ്ങനെ അറസ്റ്റിലേക്ക് നയിച്ചുവെന്നത് പലര്‍ക്കും സംശയത്തിന് കാരണമായിരുന്നു.  എന്നാല്‍ 1972ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് തിമിംഗല ഛര്‍ദില്‍ വില്‍പനയ്ക്കെത്തിയവരെ അറസ്റ്റ് ചെയ്തത്. ഈ നിയമത്തില്‍ വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൌശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.

ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്.  മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here