ലൗ ജിഹാദ് പ്രതിഷേധക്കാര്‍ അടങ്ങി; രസികയുടെയും ആസിഫിന്റെയും വിവാഹച്ചടങ്ങുകള്‍ നടന്നു

0
389

നാസിക്: ക്ഷണക്കത്ത് ലൗ ജിഹാദ് വിവാദത്തിലേക്ക് വഴിമാറിയതോടെ വിവാഹച്ചടങ്ങ് ഉപേക്ഷിക്കേണ്ട വന്ന യുവാവിന്റെയും യുവതിയുടേയും വിവാഹം വിവാദം കെട്ടടങ്ങിയതോടെ മംഗളകരമായി നടന്നു. മതസൗഹാര്‍ദത്തിന്റെ പ്രതീകമായി മാറി ഇവരുടെ വിവാഹം.

നാസിക്കില്‍ ജൂവലറി നടത്തുന്ന പ്രസാദ് അഡ്ഗാവുങ്കറുടെ മകള്‍ രസികയും കുടുംബസുഹൃത്ത് മംസൂര്‍ഭായ് മക്ബൂല്‍ ഭായ്ഖാന്റെ മകന്‍ ആസിഫും തമ്മിലുള്ള വിവാഹമാണ് ഇരുവീട്ടുകാരുടേയും വിശ്വാസആചാരങ്ങള്‍ പ്രകാരം നടന്നത്. നേരത്തെ ഇവരുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവാഹചടങ്ങുകള്‍ ഉപേക്ഷിക്കുകയാണെന്ന് രസികയുടെ കുടുംബം അറിയിച്ചു. ഇരുവരുടേയും വിവാഹം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാദം കെട്ടടങ്ങിയതോടെ വിവാഹച്ചടങ്ങുകള്‍ വ്യാഴാഴ്ച നടന്നു.

മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ മുമ്പായി ആചാരപ്രകാരം വിവാഹം നടത്തണമെന്നുള്ള ആഗ്രഹപ്രകാരം ജൂലായ് 18- ന് നാസിക്കിലെ ഒരു ഹോട്ടലില്‍ വിവാഹചടങ്ങിന് പ്രസാദ് അഡ്ഗാവുങ്കര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ക്ഷണക്കത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയും അഡ്ഗാവുങ്കര്‍ക്ക് ഭീഷണികള്‍ വരികയും ചെയ്തു.

സമുദായ നേതാക്കള്‍ ഇടപെട്ട് ചടങ്ങ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മതംമാറ്റം ഇതിലൊരു വിഷയമേ അല്ലെന്നും ശാരീരികപരിമിതികള്‍ ഉള്ള മകള്‍ക്ക് വന്ന വിവാഹാലോചനകള്‍ നടക്കാതെ പോയ സാഹചര്യത്തില്‍ അവളെ ജീവിതപങ്കാളിയാക്കാന്‍ സഹപാഠിയായിരുന്ന ആസിഫ് മുന്നോട്ടുവരികയായിരുന്നുവെന്നും അഡ്ഗാവുങ്കര്‍ വിശദീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here