Wednesday, July 28, 2021

ലക്ഷ്യമിട്ടത് ചെർക്കളയിലെ എടിഎം എന്ന് സൂചന; കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി

Must Read

ചെർക്കള: (www.mediavisionnews.in) ആളൊഴിഞ്ഞ കെട്ടിടത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഉപ്പളയിലെ അബ്ദുൽ റൗഫ് (മീശ റൗഫ്-43), മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഖാദർ (33) എന്നിവരെയാണ് ചെങ്കള ബാലടുക്കയിൽ നിന്നു പിടിയിലായത്. ഹാമർ, അരമീറ്റർ നീളത്തിലുള്ള കമ്പിപ്പാര, സ്ക്രൂ ഡ്രൈവർ എന്നിവ ഇവരിൽ നിന്നു കണ്ടെടുത്തു.

വിദ്യാനഗർ എസ്ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. രണ്ടു പേർ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. മോഷണശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ എത്തിയ ബൈക്ക് ഇവിടെ നിന്നു 50 മീറ്റർ ദൂരെയുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഇന്നലെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11 നാണ് ചെർക്കള ടൗണിൽ നിന്നു 300 മീറ്റർ അകലെ പാടി റോഡരികിലെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നാലുപേരെ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടത്.

കഴിഞ്ഞ 27 നു ചെർക്കളയിലെ 3 കടകളിൽ മോഷണം നടന്നതിനു ശേഷം നാട്ടുകാർ ജാഗ്രതയിലായിരുന്നു. ഷബ്ന മെഡിക്കൽസ്, ഒരു പലചരക്കു കട, പാടി റോഡിലെ ഒരു മൊബൈൽ ഫോൺ കട  എന്നിവയിലാണ് കഴിഞ്ഞ 27 നു പുലർച്ചെ കവർച്ച നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നു അര ലക്ഷം രൂപയുടെ ഫോണും പലചരക്കു കടയിൽ നിന്നു 3 ഫോണുകളും മെഡിക്കലിൽ നിന്നു 1000 രൂപയും കവർന്നിരുന്നു.

സംശയം തോന്നിയ നാട്ടുകാർ സംഘടിച്ച് അങ്ങോട്ട് പോകുമ്പോൾ കെട്ടിടത്തിലുണ്ടായിരുന്ന 4 പേരും ഓടി. ഇതിനിടെ പിടിയിലായ അബ്ദുൽ ഖാദർ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അബ്ദുൽ റൗഫിനെയും നാട്ടുകാർ പിടികൂടി. വീഴ്ചയിൽ ഇയാൾക്കും തലയ്ക്കു നിസാര പരുക്കേറ്റു. ഇതിനിടെ വിദ്യാനഗർ പൊലീസും സ്ഥലത്തെത്തി. ഓടിരക്ഷപ്പെട്ടവരെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ഇതേ സംഘമാണ് 27 നു നടന്ന കവർച്ചയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ രണ്ടുപേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.  റൗഫിനെതിരെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധികളിലായി 6 കവർച്ച കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. അബ്ദുൽ ഖാദറിന് വീഴ്ചയിൽ സാരമായ പരുക്കേറ്റതിനാൽ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാക്കി.

ലക്ഷ്യമിട്ടത് ചെർക്കളയിലെ എടിഎം എന്ന് സൂചന

പ്രതികൾ എത്തിയത് ചെർക്കളയിലെ കാനറ ബാങ്ക് എടിഎം തകർക്കാൻ ലക്ഷ്യമിട്ടെന്ന് സൂചന. നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അബ്ദുൽ റൗഫിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കു വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് ഇവരെ ചെർക്കള ടൗണിൽ പലരും കണ്ടിരുന്നു. അബ്ദുൽ റൗഫിന്റെ മീശ താഴോട്ട് ഇറക്കിയാണ് വെട്ടിയിരിക്കുന്നത്.

അതുകൊണ്ട് ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. കാനറ ബാങ്കിന്റെ എടിഎമ്മിന്റെ പരിസരത്താണ് ഇയാൾ ഉണ്ടായിരുന്നത്. നേരത്തെ തന്നെ എത്തി പരിസരം നിരീക്ഷിച്ചതിനു ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പോയി ഒളിച്ചിരിക്കുകയായിരുന്നു. പുലർച്ചെ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ 27 നു നടന്ന കവർച്ച ഉൾപ്പെടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും, പൊലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാരം: വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും....

More Articles Like This