Wednesday, July 28, 2021

മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു; വിളിച്ചത് സുഹൃത്തിന് വേണ്ടി

Must Read

പാലക്കാട്:  കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് എംഎല്‍എയെ വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ എംഎല്‍എ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. തന്നെ മനഃപൂര്‍വം പ്രകോപിപ്പിക്കാന്‍ ആരോ ചെയ്ത വേലയാണിതെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.

മുകേഷിന്റെ വാക്കുകള്‍:

ആരോ പ്ലാന്‍ ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോണ്‍ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്ന് വരെ അവര്‍ക്ക് വിജയിക്കാന്‍ പറ്റിയിട്ടില്ല. വരുന്ന എല്ലാ കോളുകളും എടുക്കുന്നയാളാണ് ഞാന്‍, എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നയാളാണ്.

വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോണ്‍ വന്നതും. ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നേയും ആറോളം തവണ കോള്‍ വന്നു. ആറാമത്തെ തവണ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോഴാണ് കോള്‍ എടുത്ത് സംസാരിച്ചത്. കാര്യങ്ങള്‍ അവിടുത്തെ എംഎല്‍എയോട് പറയാനാണ് ഞാനാവശ്യപ്പെട്ടത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്. ഫ്രണ്ട് തന്ന നമ്പറാണെന്നാണ് ആ കുട്ടി പറഞ്ഞു. എന്നാല്‍ അത് ശരിക്കും ഫ്രണ്ടല്ല, ശത്രുവാണ്.

എന്നെ ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നു. എന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്യണം? ആറ് തവണ എന്തിന് വിളിച്ചു? ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. അതിന് മുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? മുന്‍പും കുട്ടികളെക്കൊണ്ട് ഇതുപോലെ ഫോണ്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ആസൂത്രിതമാണ്.  തന്റെ ഓഫിസിലാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് വിളിക്കുക, ബാങ്കിലേക്ക് വിളിക്കുക തുടങ്ങിയ സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ ഇതിന്റെ പേരില്‍ പരാതി കൊടുത്തിട്ടുണ്ട്.

കുട്ടികളോട് പെരുമാറേണ്ടതെങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കുട്ടികളോട് ഏറ്റവും നന്നായി പെരുമാറുന്ന ആളാണ് താന്‍. എനിക്കും മക്കളുണ്ട്. ചൂരല്‍വെച്ച് അടിക്കണമെന്ന് പറഞ്ഞത് സ്നേഹശാസനയായാണ്. സ്വന്തം അച്ഛന്റെയോ അച്ഛന്റെ ചേട്ടന്റെയോ പ്രായമുള്ള ആളാണ് താന്‍.  രാഷ്ട്രീയമുള്ള സംഭവമാണിത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെങ്കിലും മുന്നില്‍ കൊണ്ടുവരും. സൈബര്‍ സെല്ലിലും പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കും. ഫോണ്‍ വിളിച്ച മോനോട് പറയാനുള്ളത് ഇത്തരം ആളുകള്‍ പറയുന്നത് കേള്‍ക്കരുതെന്നാണ്. കുട്ടിക്ക് വിഷമമായിട്ടുണ്ടെങ്കില്‍ എനിക്ക് അതിലും വിഷമമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും, പൊലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാരം: വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും....

More Articles Like This