മിഠായിത്തെരുവിൽ ഇന്നും വ്യാപാരികളുടെ പ്രതിഷേധം; പൊലീസും വ്യാപാരികളും തമ്മിൽ സംഘർഷം, 18 പേർ അറസ്റ്റിൽ

0
244

കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ അശാസ്ത്രീയമായി കടകൾ അടപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മിഠായിത്തെരുവിൽ വ്യാപാരികളുടെ വൻ പ്രതിഷേധം. കടകൾ തുറക്കാനെത്തിയ വ്യാപാരികളും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 18 വ്യാപാരികൾ അറസ്റ്റിലായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ജില്ലാ ട്രഷറർ മുർത്താസ് അലി ഉൾപ്പെടെ 10 പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ പത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുനൂറോളം വ്യാപാരികൾ മിഠായിത്തെരുവിൽ കടകൾ തുറക്കുമെന്ന പ്രഖ്യാപനവുമായി എത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കടന്നു മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴാണ് ഉന്തും തള്ളും തുടർന്ന് അറസ്റ്റും ഉണ്ടായതും. വിവിധ സംഘടനകൾ വ്യാപാരികൾക്ക് അനുഭാവം പ്രകടിപ്പിച്ച്  ധർണയും പ്രകടനവും നടത്തി.

വ്യാപാരികളെ തടയാൻ ഞായറാഴ്ച രാത്രി തന്നെ പൊലീസ് വൻ സന്നാഹം ഒരുക്കിയിരുന്നു. മിഠായിത്തെരുവിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ വച്ച് അടച്ചു കാവൽ ഏർപ്പെടുത്തിയിരുന്നു. വ്യാപാരികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ധർണ നടത്തിയ സംഘടന ഭാരവാഹികൾക്കെതിരെയും കേസ് എടുത്തു.

അതേസമയം കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദനുമായുള്ള ചര്‍ച്ചയിൽ തീരുമാനം ആയിരുന്നു. എന്നാൽ സർക്കാർ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here