Friday, September 24, 2021

മടങ്ങിപ്പോകാനായില്ല, വിസകാലാവധി കഴിഞ്ഞു: പ്രതിസന്ധിയിലായി 12.5 ലക്ഷം പ്രവാസികള്‍

Must Read

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങിയത് പന്ത്രണ്ടരലക്ഷത്തോളം മലയാളികള്‍. 2020 മാര്‍ച്ചിനുശേഷം പതിനഞ്ചരലക്ഷത്തോളം പേര്‍ നാട്ടിലെത്തിയെങ്കിലും പിന്നീടുണ്ടായ യാത്രാവിലക്കുകാരണം ഭൂരിഭാഗംപേര്‍ക്കും മടങ്ങാനായിട്ടില്ല. വിസാകാലാവധി തീര്‍ന്നതോടെ പലരുടെയും തൊഴില്‍ നഷ്ടമായി.

ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ വരുന്നുണ്ടെങ്കിലും അവ യാത്രക്കാരില്ലാതെയാണ് മടങ്ങുന്നത്. 2020 മാര്‍ച്ച് 17-നുശേഷം സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാനവിലക്ക് പിന്‍വലിച്ചിട്ടില്ല. നേരിട്ട് വിമാനമില്ലാത്തതിനാല്‍ സാധുവായ വിസയുള്ളവര്‍ ബഹ്‌റൈന്‍, ഖത്തര്‍, അര്‍മേനിയ, ഉസ്ബക്കിസ്താന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലെത്തിയിരുന്നത്. പല രാജ്യങ്ങളും ഈ വാതിലും ഇപ്പോള്‍ അടച്ചു.

ഖത്തറിലും മറ്റും നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മാത്രമേ തുടര്‍യാത്ര അനുവദിച്ചിരുന്നുള്ളു. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപവരെയാണ് ചെലവ്. ഖത്തറിലേക്ക് നേരത്തേ 10,000-ത്തില്‍ താഴെയായിരുന്ന യാത്രാനിരക്ക് ഇപ്പോള്‍ 30,000 മുതല്‍ 40,000 രൂപവരെയായി.

പ്രതീക്ഷ തകര്‍ത്തത് ഡെല്‍റ്റ

രണ്ടാംതരംഗവും വൈറസിന്റെ ഡെല്‍റ്റ വകഭേദവും വന്നതോടെയാണ് പല രാജ്യങ്ങളും പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ചില രാജ്യങ്ങള്‍ അനുവദിച്ചിരുന്ന നിയന്ത്രിതസര്‍വീസുകള്‍ (ബബിള്‍ ഓപ്പറേഷന്‍) പോലും ഇപ്പോഴില്ല.

ദുബായ് സുപ്രീം അതോറിറ്റി ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ജൂണ്‍ 19-ന് പ്രവാസികള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടുഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്കും 72 മണിക്കൂര്‍മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധനയും വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുമ്പുള്ള റാപ്പിഡ് പി.സി.ആര്‍. പരിശോധനാ സര്‍ട്ടഫിക്കറ്റുമുള്ളവര്‍ക്കും ഗോള്‍ഡന്‍, സില്‍വര്‍ വിസ ഉണ്ടെങ്കില്‍ യാത്രാനുമതി നല്‍കുമെന്നായിരുന്നു അവര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ റാപ്പിഡ് പി.സി.ആര്‍. പരിശോധനാസൗകര്യമൊരുക്കി. എന്നാല്‍, നിയന്ത്രണം ജൂലായ് 31 വരെ നീട്ടിയതോടെ പ്രതീക്ഷ കൈവിട്ടുപോവുകയായിരുന്നു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ച് തൊഴിലുടമകള്‍തന്നെ പ്രത്യേക അനുമതിവാങ്ങി ജീവനക്കാരെ കൊണ്ടുപോകുന്നുണ്ടെങ്കിലും അത്തരം സൗകര്യം പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ്. കേരളത്തിലേക്ക് നേരിട്ട് നടത്തിയിരുന്ന സര്‍വീസുകള്‍ പല വിമാനക്കമ്പനികളും നിര്‍ത്തിയതും തിരിച്ചടിയായി. തൊഴില്‍നഷ്ടമായവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സുപ്രീം കോടതി ഔദ്യോഗിക ഇ മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു

ദില്ലി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. ഒരു ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്‍റെ ഔദ്യോഗിക...

More Articles Like This