മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി

0
270

കാസർകോട് : മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ പ്രതിയായ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ചുമത്തുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി.) ഉപദേശമാണ് ക്രൈംബ്രാഞ്ച് തേടിയത്. എന്നാൽ കേസ് പരിഗണിക്കുന്ന കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ഉപദേശമനുസരിച്ച് തീരുമാനമെടുക്കാമെന്ന മറുപടിയാണ് ഡി.ജി.പി. നൽകിയത്.

ഇതനുസരിച്ച് ജില്ലാ കോടതിയിലെ സർക്കാർ അഭിഭാഷകരുടെ വിദഗ്‌ധോപദേശം തേടി അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചു. മറുപടി ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പരാതിക്കാരനായ ആലുവ സ്വദേശി പി.കെ. സുരേഷ് കുമാറിനെ രേഖാമൂലം അറിയിച്ചു.

പട്ടികജാതി വിഭാഗക്കാരനായ കെ. സുന്ദര തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ നടത്തിയ നീക്കം വിശദീകരിച്ച് സുരേഷ് കുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിന്റെയടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം സുരേഷ് കുമാറിന്റെ മൊഴിയെടുത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി. ടിക്കറ്റിലാണ് സുന്ദര നാമനിർദേശപത്രിക സമർപ്പിച്ചത്. ദേശീയപാർട്ടിയായതിനാൽ ബാലറ്റിൽ അക്ഷരമാലാക്രമത്തിൽ ബി.ജെ.പി. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പേരിന് മുകളിൽ പേര് വരുമെന്നതിനാലാണ് സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും പാരിതോഷികവും നൽകി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്നാണ് സുരേഷ് കുമാറിന്റെ പരാതി. പട്ടികജാതിക്കാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചത് പട്ടികജാതി, വർഗ സംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പട്ടികജാതിക്കാരനായ പരാതിക്കാരൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here