ഭിന്നശേഷിക്കാരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ക്യാമ്പിലേക്ക് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും

0
236

കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്.

ഭിന്നശേഷിക്കാരുടെ സംസ്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റനായ അലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വന്റി-20 മത്സരത്തിലും അലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജയ്പൂരില്‍ നടന്ന മൂന്ന് ട്വന്റി-20 മത്സരങ്ങളില്‍ രാജസ്ഥാനെതിരേയും ഹരിയാനക്കെതിരേയും അലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. മറ്റൊരു മത്സരത്തില്‍ 46 റണ്‍സും നേടി. ഈ മത്സരങ്ങളിലെ തിളക്കമാര്‍ന്ന പ്രകടനമാണ് അലിയെ ഇന്ത്യന്‍ സെലക്ഷന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമായത്.

മൊഗ്രാല്‍പുത്തൂര്‍ ബാച്ചിലേഴ്‌സ് ക്ലബ്ബിന്റെ താരമായ അലി വര്‍ഷങ്ങളായി ജില്ലാ ലീഗ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചുവരുന്നു. ചെറുപ്പത്തിലെ ഒരു കൈ നഷ്ടപ്പെട്ട അലി മിക്ക മത്സരങ്ങളിലും ഓള്‍റൗണ്ട് പ്രകടനങ്ങള്‍ നടത്തി ഏവരേയും അമ്പരപ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അലി സ്ഥാനം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാരും അലിയെ അറിയുന്നവരും.

LEAVE A REPLY

Please enter your comment!
Please enter your name here