കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ തീവ്രപരിചരണ പരിശീലന പരിപാടി ആരംഭിച്ച് ആരോഗ്യ വകുപ്പ്

0
176

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്രപരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതല്‍’ വിദഗ്ധ പരിശീലന പരിപാടി അരോഗ്യ വകുപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രമാക്കി ശിശുരോഗ വിഭാഗത്തില്‍ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കുമുള്ള ഒരു ഓണ്‍സൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതല്‍’.

കുട്ടികളിലെ കൊവിഡും കൊവിഡാനന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാക്കി വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ചികിത്സയ്ക്ക് അധികമായി ആവശ്യമായി വരാവുന്ന കുട്ടികളുടെ കിടക്കകള്‍, അത്യാവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍, വെന്റിലേറ്ററുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, എന്നിവ ദ്രുതഗതിയില്‍ ആശുപത്രികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കുട്ടികളുടെ അത്യാഹിത തീവ്രപരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതിനാണ് കുരുന്ന്-കരുതല്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഇതിന്റെ ആദ്യഘട്ട പരിശീലനപരിപാടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീളുന്ന ഈ പരിശീലന പരിപാടിയില്‍ അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളില്‍ അവശ്യമായ നൈപുണ്യം നേടിയെടുക്കാന്‍ സാധിക്കും.

മറ്റ് ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ അതത് ജില്ലകളിലെ പരിശീലന പരിപാടി നടക്കുന്നതാണെന്നും വീണ ജോര്‍ജ് അറിയിച്ചു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here