Wednesday, August 4, 2021

കൊടകര കുഴൽപ്പണക്കേസിൽ യു ടേണടിച്ച് പൊലീസ്; സുരേന്ദ്രൻ ഉൾപ്പടെ ബി ജെ പി നേതാക്കളാരും പ്രതികളാകില്ല

Must Read

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്.

കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല എന്നാണ് തൃശ്ശൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യമുന്നയിക്കുക, കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയിൽ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചതിന്‍റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.

കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം  രൂപയും കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.

കേസിന്‍റെ രാഷ്ട്രീയമാനം പൂർണമായും പൊലീസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കാൻ. ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിഞ്ഞാലക്കുട കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ നേരേ കേസിൽ യുടേൺ തിരിച്ച് ഇതൊരു കവർച്ചാക്കേസായി മാത്രം അവസാനിപ്പിക്കവേ, സംസ്ഥാനസർക്കാർ കേസ് വെളുപ്പിച്ച് ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിന്‍റെ രാഷ്ട്രീയമാനങ്ങൾ അതുകൊണ്ട് തന്നെ വലുതാകുകയും ചെയ്യും.

എന്നാൽ കുറ്റപത്രത്തിൽ പറയുന്നത് പോലെ, കേസ് ഇഡി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. നേരത്തേ, കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ സാധ്യതകൾ ചൂണ്ടിക്കാട്ടി ആഴ്ചകൾക്കു മുമ്പേ തന്നെ സംസ്ഥാന പൊലീസ് കത്തു നൽകിയിരുന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുളളവർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് എൻഫോഴ്സ്മെന്‍റ് പിൻവലിഞ്ഞത്.

ഈ കളളപ്പണ ഇടപാട് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂർ നൽകിയ ഹ‍ർജിയിലാണ് ഇഡി യുടെ ഒളിച്ചു കളി വീണ്ടും പുറത്തുവന്നത്. പത്തുദിവസത്തിനുളളിൽ മറുപടി വേണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാൽ എൻഫോഴ്സ്മെന്‍റ് മറുപടി നൽകിയില്ല. കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ഹൈക്കോടതി സമയം നീട്ടി നൽകി. കൊടകര ഹവാല ഇടപാട് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ മടിച്ചു നിൽക്കുന്നതിനെതിരെ നേരത്തെ തന്നെ വിമ‍ർശനം ഉയ‍ർന്നതാണ്. ഇനി കുറ്റപത്രത്തിൽക്കൂടി ഇക്കാര്യം ആവശ്യപ്പെടുമ്പോൾ ഇഡി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

"അബുദാബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ്...

More Articles Like This