കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ രാജിവച്ചു; മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാകും

0
197

ന്യൂഡൽഹി∙ കേന്ദ്രമന്ത്രിസഭാ വികസനം വൈകിട്ട് 6ന്. മന്ത്രിമാരാകാൻ സാധ്യതയുള്ളവരും സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുള്ളവരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി ചർച്ച നടത്തി. മുതിർന്ന മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത്ഷാ, നിതിൻ ഗഡ്കരി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും 7, ലോക് കല്യാൺ മാർഗ് വസതിയിലെത്തി. 43 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.

ആരോഗ്യമന്ത്രി ഹർഷ് വർധനും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറും രാജിവച്ചു. രാജിവച്ചതായും കാരണങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും സന്തോഷ് ഗാങ്‌വാർ പറഞ്ഞു.  ഇവർക്കു പുറമേ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ, സദാനന്ദ ഗൗഡ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും രാജിവച്ചു. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും. വി. മുരളിധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും.

അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായണൻ റാണെ, ഭീവണ്ടി എംപി കപിൽ പാട്ടീൽ, നൈനിറ്റാൾ എംപി അജയ് ഭട്ട്, എൽജെപി നേതാവ് പശുപതി കുമാർ പരസ്, ജെഡിയു നേതാവ് ആർസിപി സിങ്, ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് എംപി, ന്യൂഡൽഹി എംപി മീനാക്ഷി ലേഖി, ഉഡുപി എംപി ശോഭ കരന്തലാജെ, ബീഡ് എംപി ഡോ. പ്രീതം മുണ്ടെ(ഗോപിനാഥ് മുണ്ടെയുടെ രണ്ടാമത്തെ മകൾ), ബംഗാളിൽ നിന്നുള്ള ശന്തനു ഠാക്കൂർ, നിതീഷ് പ്രാമാണിക്, ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവ്, കൗശംബി എംപി വിനോദ് സോൻകർ, സിർസ എംപിയും മുൻ ആദായനികുതി അസി. കമ്മിഷണറുമായ സുനിത ദുഗ്ഗൽ, മോദി മന്ത്രിസഭയിലെ സഹമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല, കിരൺ റിജിജു, ജി. കിഷൻ റെഡ്ഡി തുടങ്ങിയവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു.

മന്ത്രിസഭയില്‍നിന്ന് സ്മൃതി ഇറാനിയേയും മാറ്റിയേക്കും. സദാനന്ദ ഗൗഡയും രമേശ് പൊഖ്റിയാല്‍ നിശാങ്കും പുറത്തേയ്ക്കെന്ന് സൂചന. സ്മൃതിക്ക് യുപിയുടെ ചുമതല നല്‍കിയേക്കും. മറ്റു ചില മന്ത്രിമാരും സ്ഥാനമൊഴിഞ്ഞു പാർട്ടി ചുമതലകളേൽക്കും.

പട്ടികവിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും വനിതകൾക്കും മന്ത്രിസഭാ വികസനത്തിൽ മുൻഗണന. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുനസംഘടന പ്രഖ്യാപനം വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി , ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാർ എന്നിവർ ഇന്ന് അവസാനവട്ട യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here