കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ്; കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ വിമര്‍ശനം

0
375

ന്യൂദല്‍ഹി: കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി. പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം.

കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്‌വി പറഞ്ഞു. കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണ വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനത്തിന് അനുമതി നല്‍കും. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തിരിക്കണമെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം.

എ, ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി തുറക്കാം.

കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നല്‍കും. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇവിടെയും പ്രവേശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ ശനിയാഴ്ച 16,148 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here