ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

0
229

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങള്‍ക്കും ഒരേ നിയമമാകും ബാധകമാവുക. നിലവില്‍ വ്യത്യസ്ത നിയമങ്ങളാണ് വിവിധ മതവിഭാഗക്കാര്‍ക്കുള്ളത്. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ – വിവാഹ മോചന നിയമം തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍.

മുസ്‌ലിം വ്യക്തി നിയമങ്ങള്‍ മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി രാജ്യം മുഴുവന്‍ ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here