ഇന്ന് കടുത്ത നിയന്ത്രണം, നാളെ മുതൽ 3 ദിവസം ഇളവ്; രീതി മാറ്റുന്നതിനെപ്പറ്റി ചർച്ച

0
249

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ഞായർ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്നു നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയരുന്നതിനാല്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന കാര്യം ഇന്നു വൈകിട്ട് മൂന്നരയ്ക്കു നടക്കുന്ന അവലോകന യോഗം തീരുമാനിക്കും.

ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍ക്കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിനു നൽകി. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയാതെ നില്‍ക്കുന്നത് ആശങ്കയാണെങ്കിലും ശനി, ഞായര്‍ ലോക്ഡൗണും മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇതേ നിലയില്‍ തുടരുന്നത് വിമര്‍ശിക്കപ്പെടുകയാണ്.

ചര്‍ച്ചകളെ തുടര്‍ന്ന് വ്യാപാരികളെ അനുനയിപ്പിക്കാനായെങ്കിലും കടകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കേണ്ടി വരും. കടകള്‍ ദിവസവും രാത്രി എട്ടുവരെ തുറക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും.

രോഗവ്യാപനം കൂടിയ മേഖലകള്‍ അടിച്ചിട്ട് മറ്റു പ്രദേശങ്ങള്‍ക്ക് ഇളവെന്ന നിര്‍ദേശം പരിഗണിക്കപ്പെട്ടേക്കാം. മാളുകള്‍ തുറക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടാകും. ഓണം കണക്കിലെടുത്ത് പെരുന്നാളിനുശേഷം നല്‍കേണ്ട ഇളവുകളിലും തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ തോതിലുള്ള ഇളവുകള്‍ക്കോ ലോക്ഡൗണില്‍ സമഗ്രമായ പുനഃപരിശോധനയ്ക്കോ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here