സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു; നിയന്ത്രണങ്ങളറിയാം, തുറക്കുന്ന കടകൾ ഏതെല്ലാം?

0
273

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് രണ്ട് ദിവസം കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഈ ദിവസങ്ങളിൽ യാതൊരു തരത്തിലുമുള്ള ഇളവുകൾ ഉണ്ടായിരിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശമുണ്ട്. നിയന്ത്രണം തുടരുമെങ്കിലും നേരിയ ഇളവുകൾ ഈ ദിവസങ്ങളിൽ ഉണ്ടാകും.

കൊവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് വെള്ളിയാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. ടിപിആര്‍ 8ന് മുകളിലുള്ള 178, ടിപിആര്‍ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പൊതുഗതാഗതം ഉണ്ടാകില്ല

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാനയാത്രക്കാർ ടിക്കറ്റും മറ്റ് യാത്ര രേഖകളും കാണിക്കണം. രേഖകൾ കാണിച്ച് വാക്‌സിൻ എടുക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യാം. കെഎസ്ആർടിസി ആവശ്യ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവീസ് മാത്രമേ നടത്തൂ. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷം കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിക്കും. പരീക്ഷ മൂല്യനിർണയം ഉൾപ്പെടെ ആവശ്യ മേഖലകൾക്കായി കെഎസ്ആർടിസി സർവീസ് നടത്തും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗൾക്കും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങളിലുള്ളവർക്കും യാത്ര അനുവദിക്കുമെങ്കിലും തിരിച്ചറിയൽ രേഖയും മേലാധികാരിയുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്.

തുറന്ന് പ്രവർത്തിക്കുന്ന കടകൾ ഏതെല്ലാം

ആവശ്യ വസ്‌തുക്കൾ ലഭ്യമാകുന്ന കടകൾ തുറന്ന് പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ വാങ്ങാനാകില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ. മെഡിക്കൽ സ്‌റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം എന്നിവ കടകൾ തുറക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കുക. മെഡിക്കൽ സ്‌റ്റോറുകൾ തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം തുറന്ന് പ്രവർത്തിക്കാനെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, ചായക്കടകൾ, തട്ടുകടകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല.

അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി

സമ്പൂർണ ലോക്ക് ഡൗൺ തുടരുന്ന ഇന്നും നാളെയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും. ഇളവുകൾ നൽകിയതിന് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളായതിനാൽ പോലീസ് നിരീക്ഷണം കർശനമാക്കും. പരിശോധനയ്‌ക്കായി കൂടുതൽ പോലീസുകാർ വിന്യസിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വാഹങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇരുപതുപേരെ അനുവദിക്കും. പൊതു പരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനങ്ങളോ അനുവദിക്കില്ല. ബിവറേജൻസ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. കൊവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന പരിധിയിലുള്ള ഇളവുകൾ നിയന്ത്രണങ്ങളും തിങ്കളാഴ്‌ച വീണ്ടും നിലവിൽ വരും. അതത് പോലീസ് സ്‌റ്റേഷനുകളിൽ അറിയിച്ച് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here