വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം; ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
338

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം.

ലോക്ക് ഡൗണില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മത സംഘടനകളും ഏതാനും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.

വിശ്വാസികളുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. എന്നാല്‍ കോവിഡ് സാഹചര്യവും പരിഗണിക്കണം. രോഗവ്യാപന തോത് കുറയുന്നതിന് അനുസരിച്ച് ആരാധാനലയങ്ങള്‍ തുറക്കാന്‍ നടപടി വേണം. വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് യോഗം നിര്‍ദേശിച്ചു.

മരംമുറി വിവാദത്തില്‍ കര്‍ഷകരുടെ താത്പര്യം പ്രധാനമാണെന്ന അഭിപ്രായത്തിനാണ് യോഗത്തില്‍ മേല്‍ക്കൈ ലഭിച്ചത്. കര്‍ഷകര്‍ക്ക് അവര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ കഴിയണം. ഈ താത്പര്യം വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതിനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇപ്പോഴത്തെ മരംമുറി നടന്നതെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ ചര്‍ച്ചയാവാമെന്ന് യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here