വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി പ്രതികാരം; യുവ സംരഭകയ്‌ക്കെതിരായ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

0
270

തിരുവനന്തപുരം: യുവ സംരഭകയായ ശോഭ വിശ്വനാഥിനെതിരെ ചുമത്തിയ കഞ്ചാവ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തായിരുന്ന യുവാവും മറ്റൊരാളും ചേര്‍ന്ന് ശോഭ വിശ്വനാഥിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.

ഹരീഷ്, സഹായിയായ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ശോഭയുടെ സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചതെന്നാണ് കണ്ടെത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വിദ്വേഷത്തെ തുടര്‍ന്നാണ് പകവീട്ടുന്നതിന് വേണ്ടി ഹരീഷ് ശോഭയെ കേസില്‍ കുടുക്കിയത്.

ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശോഭ വിശ്വനാഥ് നടക്കുന്ന കൈത്തറി സംരഭമായ വീവേഴ്‌സ് വില്ലേജിന്റെ വഴുതക്കാടിനടുത്തുള്ള കടയില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. നാര്‍കോട്ടിക്‌സും മ്യൂസിയം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശോഭ വിശ്വനാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്നു തന്നെ ശോഭയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

താന്‍ നിരപരാധിയാണെന്നും കഞ്ചാവുമായി ബന്ധമില്ലെന്ന് കാണിച്ച് ശോഭ മുഖ്യന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. കേസില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

തുടര്‍ന്നാണ് ശോഭയുടെ സ്ഥാപനത്തില്‍ ഹരീഷും വിവേകും ചേര്‍ന്ന് കഞ്ചാവ് ഒളിപ്പിച്ചുവെക്കുകയായിരുന്നുവെന്ന് കണ്ടെത്തുന്നത്. സ്ഥാപനത്തിലെ ജോലിക്കാരിയുടെ സഹായത്തോടെ വിവേകാണ് കഞ്ചാവ് ഒളിപ്പിച്ചത്. വിവേകിനെ പൊലീസ് അറ് ചെയ്തു. ഹരീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനിയിലാണ്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യമാണ് കേസില്‍ കുടുക്കാന്‍ കാരണമെന്ന് ശോഭ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പൊലീസ് അവസരം നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.

‘വളരെ ടോക്‌സിക് ആയ ആ ബന്ധത്തിലേക്ക് ഇനി പോകുന്നതിന് എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിവാഹത്തിന് സമ്മതിക്കാതിരുന്നത്. അതിന്റെ പേരില്‍ ഇങ്ങനെ ചതിക്കുമെന്നോ കെണിയില്‍ പെടുത്തുമെന്നോ ഞാന്‍ വിചാരിച്ചിരുന്നേയില്ല. ഇതൊക്കെ എനിക്കൊരു ഷോക്കായിരുന്നു.

ഇത് എനിക്കുണ്ടാക്കിയ ട്രോമ എത്രത്തോളമാണെന്ന് പറയാനാകില്ല. പക്ഷെ ചെയ്യാത്ത കുറ്റം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് പോരാടണമെന്ന് ഉറപ്പിച്ചത്.

ആറ് മാസമാണ് നിരപരാധിത്വം തെളിയിക്കാന്‍ എടുത്തത്. അന്ന് സംഭവം നടന്നപ്പോള്‍ തന്നെ എനിക്ക് മാധ്യമങ്ങളെ അറിയിക്കാമായിരുന്നു. എന്നാല്‍ എന്റെ നിരപരാധിത്വം തെളിയിക്കാനായി ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു,’ ശോഭ വിശ്വനാഥ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here