ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പത്തില്‍ വന്‍വര്‍ധനയെന്ന് പൊലീസിന് മൊഴി

0
248

പാലക്കാട്: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി പൊലീസിന് മൊഴി. ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പാലക്കാട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ മൊഴി നല്‍കിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലേക്ക് വന്‍തോതില്‍ ബി.ജെ.പി. കളളപ്പണം ഒഴുക്കിയിട്ടുണ്ട്. 7 ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്ന് ഐസക് വര്‍ഗീസ് പറയുന്നു.

കൊടകര കളളപ്പണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐസക് വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഐസക് വര്‍ഗീസില്‍ നിന്നും മൊഴി എടുത്തത്. കൊടകര കള്ളപ്പണ കേസ്, സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഐസക് വര്‍ഗീസ് പറഞ്ഞു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് ഐസക് പരാതി നല്‍കിയിരുന്നു. റോഡിലെ പരിശോധന ഒഴിവാക്കാന്‍, പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് ഐസക് ആരോപിക്കുന്നത്.

അതേസമയം സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിനെതിരായ ആരോപണങ്ങളില്‍ കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു തോല്‍വിക്ക് പിന്നാലെ കേരളത്തില്‍ പാര്‍ട്ടിയുടെ മുഖം തകര്‍ത്ത സംഭവവികാസങ്ങളില്‍ പ്രധാന പ്രതിയായ കെ. സുരേന്ദ്രനെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ താക്കീത് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

പ്രതിസന്ധി ഘട്ടത്തില്‍ പദവിയില്‍നിന്ന് മാറ്റില്ലെങ്കിലും ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തി നദ്ദ അറിയിച്ചു. വിവാദത്തില്‍പ്പെട്ടു നില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാന്‍ അവസരം ലഭിച്ചില്ല.

എന്നാല്‍, അത്തമൊരു കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നില്ല എന്നാണ് സുരേന്ദ്രന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here