മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്

0
223

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ രണ്ട് ലക്ഷം രൂപ കോഴ നൽകിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസർകോട് മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തിൽ പണം വിതരണം ചെയ്തതെന്നാണ് ആരോപണം.

ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്ന് എൻ.എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക യു.ഡി.എഫ് നേതാക്കൾ വിവരം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പിറ്റേന്ന് തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നുവെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ എതിർ സ്ഥാനാർഥിക്കു പണം നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടവെയാണ് തൊട്ടടുത്ത മണ്ഡലത്തിലെ വോട്ടർമാർക്കു പണം നൽകിയെന്ന പരാതിയും ബി.ജെ.പിക്കെതിരെ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here