മഞ്ചേശ്വരത്ത് സ്ഥലപ്പേര് മാറ്റുന്നത് ആലോചനയിൽ പോലും ഇല്ലെന്ന് എംഎൽഎ; വാർത്ത അസംബന്ധമെന്ന് ജില്ലാ കളക്ടർ

0
396

കാസർകോട്: കേരളം കർണാടകം ബന്ധം മോശമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സ്ഥലപ്പേരുകൾ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടർ സജിത് ബാബു പ്രതികരിച്ചു. സർക്കാർതലത്തിൽ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും വ്യക്തമാക്കി.  പ്രചാരണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

കന്നഡ സ്ഥലപ്പേരുകൾ മാറ്റാൻ ഒരു നീക്കവും സർക്കാർ തലത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്റഫ് പ്രചാരണത്തിന് പിന്നിൽ ചില ആളുകളുടെ ഗൂഢ നീക്കമുണ്ടെന്ന് ആരോപിച്ചു. വ്യാജ വാർത്ത ബിജെപി നേതാക്കൾ ട്വീറ്റ് ചെയ്ത് വലുതാക്കുകയാണെന്നും കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ദുരുദ്ദേശപരമാണെന്നും അഷ്റഫ് ആരോപിച്ചു.

സർക്കാർ തലത്തിൽ ഒരു ഫയൽ പോലും ഇതുമായി ബന്ധപ്പെട്ടില്ലെന്നും ഒരു ആലോചനയേ ഇല്ലെന്നും ജില്ലാ കളക്ടറും വ്യക്തമാക്കുന്നു. ഇല്ലാത്ത കാര്യത്തെ പറ്റി ഔദ്യോഗിക പ്രതികരണം നടത്താനില്ലെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിൽ  നിന്ന് മാധ്യമങ്ങളടക്കം ബന്ധപ്പെട്ടവർ പിന്മാറണമെന്നും സജിത്ബാബു ആവശ്യപ്പെട്ടു.

മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകൾ മലയാള വല്‍കരിക്കാന്‍ കേരളം നടപടികൾ തുടങ്ങിയെന്നായിരുന്നു പ്രചരണം. ഇതിന് പിന്നാലെ മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുക വരെ ചെയ്തു. കർണാടക സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇല്ലാ വാർത്ത വിവാദമാകുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കമേ ഇല്ലെന്ന് വ്യക്തമാക്കി കേരളം രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here