ബി.ജെ.പി.വിരുദ്ധ രാഷ്ട്രീയം കടുപ്പിച്ച് യു.ഡി.എഫ്.

0
289

തിരുവനന്തപുരം: സംഘപരിവാർവിരുദ്ധ രാഷ്ട്രീയം ‘സ്വത്താ’ക്കിമാറ്റാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ് യു.ഡി.എഫ്. അടവും തന്ത്രവും മാറ്റുന്നു. ബി.ജെ.പി.യുടെ കടുത്ത വിമർശകരും വിരോധികളും കോൺഗ്രസും യു.ഡി.എഫുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. കൊടകര കുഴൽപ്പണക്കേസ് നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്.

ബി.ജെ.പി.ക്കും കോൺഗ്രസിനും കേരളത്തിൽ ഒരേ വാക്കും സമാന ചിന്തയുമാണെന്നതായിരുന്നു സി.പി.എമ്മും എൽ.ഡി.എഫും ഉന്നയിച്ച പ്രധാന ആരോപണം. സ്വർണക്കടത്ത് കേസിൽ യു.ഡി.എഫും ബി.ജെ.പി.യും ഒരുപോലെ സർക്കാരിനെതിരേ തിരിഞ്ഞത്, ഒരേ രാഷ്ട്രീയ മനസ്സായി അവതരിപ്പിക്കാൻ എൽ.ഡി.എഫിന് ഒരുപരിധിവരെ കഴിഞ്ഞു.

ഇടതുമുന്നണി ചാർത്തിനൽകിയ ഈ മുഖം മാറ്റാനുള്ള യു.ഡി.എഫിന്റെ രാഷ്ട്രീയ യജ്ഞത്തിലെ കന്നിപ്പോരാട്ടമാണ് നിയമസഭയിലുണ്ടായത്. തിരഞ്ഞെടുപ്പ് വിജയമല്ല, വർഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനാണ് പ്രഥമപരിഗണനയെന്ന് പ്രതിപക്ഷനേതാവായ ഘട്ടത്തിൽത്തന്നെ വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇത് യു.ഡി.എഫിന് സംഘപരിവാർവിരുദ്ധ രാഷ്ട്രീയകവചം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. നേതാക്കളുടെ പേരുപറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. എന്നാൽ, സംഘപരിവാറെന്ന വാക്കോ ബി.ജെ.പി. നേതാക്കളുടെ പേരോ മുഖ്യമന്ത്രി ഉപയോഗിച്ചില്ല.

നിയമസഭയിൽ ഒരുമണിക്കൂറോളം ബി.ജെ.പി.യുടെ നിശിതവിമർശകരായി യു.ഡി.എഫ്. അംഗങ്ങൾ നിന്നു. കൊടകര കേസിൽ നിലവിലെ അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടെന്നൊന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒത്തുതീർപ്പിലൂടെ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ചൂണ്ടിക്കാട്ടലായിരുന്നു നടന്നത്. അതായത്, അടിയന്തരപ്രമേയത്തിലൂടെ പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയം തന്നെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here