ഡെൽറ്റ പ്ലസ് വൈറസ്; കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാ​ഗ്രതാ നിർദേശം

0
279

ദില്ലി: ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കേരളം ,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്.

അതേസമയം കൊവിഡ് പ്രതിരോധിക്കുന്നതിൽ കൊവാക്സീന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നു. ആദ്യ ഘട്ട പരീക്ഷണത്തിൻറെ വിവരങ്ങൾ പ്രകാരം ഇത് 81 ശതമാനമായിരുന്നു. കൊവാക്സീൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന നാളെ പ്രാഥമികമായി കേൾക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങൾ ഡിസിജിഐക്ക് സമർപ്പിച്ചത്.

അതിനിടെ, കേന്ദ്ര സർക്കാരിൻറെ കൊവിഡ് പ്രതിരോധത്തിലെ പിഴവുകൾ ചൂണ്ടികാണിച്ച് കോൺഗ്രസ് ധവളപത്രം പുറത്തിറക്കി. രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ പ്രധാനമന്ത്രി ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തിരക്കിലായിരുന്നുവെന്ന് രാഹുൽ വിമർശിച്ചു. രാഹുൽ രാജ്യത്തിൻറെ കൊവിഡ് പ്രതിരോധത്തിന് തുരങ്കം വയ്ക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് നടന്നത് റെക്കോർഡ് വാക്സിനേഷനാണ്. 86,16,373 ഡോസ് വാക്സിനാണ് ഒരു ദിവസത്തിനിടെ നല്കിയത് ഇതിനിടെ 25 ശതമാനം വാക്സിനേഷൻ സ്വകാര്യമേഖലയ്ക്കു കൈമാറിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതിയെ സമീപിച്ചു. ധനികർക്ക് വാക്സീൻ പെട്ടെന്ന് ഉറപ്പാക്കാൻ മാത്രമേ ഇത് ഇടയാക്കൂ എന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ രാംകുമാറിനൊപ്പം കേസിൽ കക്ഷി ചേരാൻ ജോൺ ബ്രിട്ടാസ് നല്കിയ അപേക്ഷയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here