കോവിഡ് പരിശോധന ഇനി സ്വയം നടത്താം; ‘കോവിസെല്‍ഫ്’ കിറ്റ് ദിവസങ്ങള്‍ക്കകം വിപണിയിലെത്തും

0
564

മുംബൈ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെല്‍ഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ലഭിക്കും.

സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം. കോവിഡ്-19-ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. തുടര്‍ച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.

ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. പുണെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡാണ് കിറ്റ് വികസിപ്പിച്ചത്. കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here