ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. ജൂലായ് ആറു വരെ നീട്ടി

0
343

ദുബായ്: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം .

ഏപ്രില്‍ 24 നാണ് യു എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ പ്രവേശന വിലക്ക് പിന്‍വലിക്കൂ എന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. ജൂണ്‍ 30ന്  വിലക്ക് മാറും എന്നും ജൂലായ് ആദ്യ വാരം മുതല്‍ പ്രവേശനം സാധ്യമാകും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

പതിനായിരക്കണക്കിനു മലയാളികള്‍ യുഎഇയിലേക്ക് മടങ്ങാന്‍ കഴിയാതെ കേരളത്തില്‍ കഴിയുകയാണ്. ഇവരുടെ മടക്കം ഇനിയും നീളും. ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണം എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യു എഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  താമസ വിസക്കാര്‍ക്ക് ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ പ്രവേശനം അനുവദിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here