അബൂദബിയിൽ മലയാളിക്ക് കളഞ്ഞുകിട്ടിയത് ‘കോടീശ്വരന്‍റെ’ പേഴ്സ്; ഇത് വേറിട്ടൊരു ഭാഗ്യ കഥ

0
434

ഗള്‍ഫില്‍ വന്‍തുകയുടെ ലോട്ടറിയടിച്ച്‌ കണ്ണടച്ച്‌ തുറക്കുന്ന വേഗത്തില്‍ കോടീശ്വരന്‍മാരാകുന്ന മലയാളികളുടെ കഥകള്‍ പലതും നമ്മള്‍ കേട്ടുകാണും. എന്നാല്‍, വേറിട്ടൊരു ഭാഗ്യത്തിന്‍റെ കഥയാണ് ഇത്. അബൂദബിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന എറണാകുളം ഞാറക്കല്‍ സ്വദേശി സ്റ്റാന്‍ ആന്‍റണിക്ക് കഴിഞ്ഞദിവസം ഒരു പേഴ്സ് കളഞ്ഞുകിട്ടി. രാത്രി എട്ട് മണിയോടെ മുസഫയിലെ കോവിഡ് പരിശോധനാകേന്ദ്രത്തില്‍ പി.സി.ആര്‍ പരിശോധന നടത്തുന്ന ടെന്‍റില്‍ എത്തിയതായിരുന്നു സ്റ്റാന്‍. കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ തന്നെ താഴെ ഇരുട്ടില്‍ ഒരു പേഴ്സ് കിടക്കുന്നു. എടുത്ത് തുറന്നുനോക്കിയപ്പോള്‍ കുറേ കാര്‍ഡുകളുണ്ട്, പണമൊന്നുമില്ല. മണിഎക്സ്ചേഞ്ച് വഴി ഫിലിപ്പീന്‍സിലേക്ക് പണമയച്ച ഒരു രസീതുണ്ട്.

അതില്‍ കാശയച്ച ആളുടെ മൊബൈല്‍ നമ്ബറുണ്ട്. അതിലേക്ക് വിളിച്ചു. അങ്ങേതലക്കല്‍ ഒരു ഫിലിപ്പിനോ യുവാവ് ഫോണ്‍ എടുത്തു. ഉച്ചക്ക് ഇതേ സ്ഥലത്ത് പി.സി.ആര്‍ ടെസ്റ്റ് എടുക്കാന്‍ വന്ന ഒരു ഡെലിവറി ബോയി ആയിരുന്നു കക്ഷി. യു.എ.ഇയില്‍ ഭക്ഷണവിതരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ ഇടക്കിടെ പി.സി.ആര്‍ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്. പരിശോധനാ കേന്ദ്രത്തില്‍ വെച്ച്‌ ഇയാളുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. എന്തായാലും പേഴ്സ് തന്‍റെ കൈയിലുണ്ട്. നേരിട്ട് കണ്ടാല്‍ തിരിച്ചേല്‍പിക്കാം എന്ന് സ്റ്റാന്‍സ് അറിയിച്ചു. എത്തിപ്പെടാന്‍ രണ്ടുപേര്‍ക്കും സൗകര്യമുള്ള അല്‍വാദാ മാളിന് സമീപത്തെ ഒരു പെട്രോള്‍ സ്റ്റേഷന്‍റെ ലൊക്കേഷനും വാട്ട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്തു. രാത്രി ജോലികഴിഞ്ഞ് അയാള്‍ വന്നു.

ഒരു കേക്ക് ഷോപ്പിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന 38 വയസുകാരന്‍ റോണാള്‍ഡ് ബെല്‍തസര്‍. പേഴ്സ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐ.ഡി ഇദ്ദേഹത്തിന്‍റെ പക്കല്‍ തന്നെയുണ്ടായിരുന്നു. പേര് നോക്കി ഉറപ്പുവരുത്തി പേഴ്സ് തിരിച്ചേല്‍പിച്ചു. നന്ദി സൂചകമായി റൊണാള്‍ഡ് ജോലി ചെയ്യുന്ന കേക്ക് ഷോപ്പില്‍ നിന്ന് സ്റ്റാനിന് ഒരു കേക്ക് വാഗ്ദാനം ചെയ്തു. സ്നേഹപൂര്‍വം സ്റ്റാന്‍ നിരസിച്ചെങ്കിലും എന്തായാലും കേക്ക് സ്വീകരിച്ചേ പറ്റൂ താമസിക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷന്‍ വാട്ട്സ്‌ആപ്പില്‍ ഇട്ടാല്‍ മാത്രം മതി കേക്ക് വീട്ടിലെത്തുമെന്ന് റൊണാല്‍ഡ് ഉറപ്പ് നല്‍കി. സന്തോഷത്തോടെ ഇരുവരും മടങ്ങി. വേനല്‍ചൂട് കത്തി നില്‍ക്കുന്ന അബൂദബിയില്‍ ഇക്കാലത്ത് ആ ഡെലിവറി ബോയി തനിക്ക് സമ്മാനമായി കേക്കുമായി വെയിലേറ്റ് വരുന്നതെല്ലാം ആലോചിച്ചപ്പോള്‍ സ്റ്റാന്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷന്‍ നല്‍കിയില്ല.

രണ്ട് ദിവസം കഴിഞ്ഞ് കൈയില്‍ കിട്ടിയ ഇംഗ്ലീഷ് പത്രത്തിലൂടെ കണ്ണോടിക്കവെ സ്റ്റാന്‍ ഒന്ന് ഞെട്ടി. താന്‍ പേഴ്സ് കൈമാറിയ ഫിലിപ്പിനോ യുവാവിന്‍റെ ചിത്രം അതാ പത്രത്തില്‍ വന്നിരിക്കുന്നു. കോവിഡ് കാലമായതിനാല്‍ നല്ലൊതൊന്നും ആദ്യം മനസില്‍ വന്നില്ല. ഇയാള്‍ക്ക് എന്ത് സംഭവിച്ചു തമ്പുരാനേ എന്ന ചിന്തയില്‍ വാര്‍ത്തയുടെ തലക്കെട്ട് വായിച്ചു. അപ്പോള്‍ വീണ്ടും ശരിക്കുമൊന്ന് ഞെട്ടി. ‘ഫിലിപ്പിനോ ഡെലിവറി ബോയിക്ക് ഒരു മില്യന്‍ ദിര്‍ഹം ഭാഗ്യ സമ്മാനം’.

റൊണാള്‍ഡ് ബെല്‍തസര്‍

എന്നതായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. അതിശയമാണോ അതിരില്ലാത്ത സന്തോഷമാണോ മനസില്‍ തോന്നിയതെന്ന് അറിയില്ല. സ്റ്റാന്‍ റൊണാള്‍ഡിന്‍റെ നമ്പറിലേക്ക് ഒരിക്കല്‍ കൂടി വിളിച്ചു. താങ്കള്‍ തന്നെയാണോ ഈ ഭാഗ്യവാന്‍ എന്നുറപ്പിക്കാന്‍. എങ്ങനെ അറിഞ്ഞു എന്നായിരുന്നു റോണാള്‍ഡിന്‍റെ ചോദ്യം. പത്രത്തില്‍ കണ്ടതാണ് എന്ന് പറഞ്ഞപ്പോള്‍ സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചു.’നീ എനിക്ക് അന്ന് ഓഫര്‍ ചെയ്ത ആ കേക്കില്ലേ.. അത് എന്റെ വീട്ടില്‍ എത്രയും പെട്ടെന്ന് എത്തിച്ചേ മതിയാകൂ..’ എന്ന് ശട്ടം കെട്ടിയാണ് സ്റ്റാന്‍ ചിരിയോടെ ഫോണ്‍വെച്ചത്.

മെഹ്സൂസ് എന്ന പേരില്‍ നടപ്പാക്കുന്ന ആഴ്ചതോറുമുള്ള ഭാഗ്യസമ്മാനാണ് റൊണോള്‍ഡിനെ തേടിയെത്തിയത്. കിട്ടിയ തുകകൊണ്ട് തന്‍റെ അമ്മ സ്വപ്നം കണ്ടപോലൊരു വീടും സ്ഥലവും സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഈ ഫിലിപ്പിനോ യുവാവ്. 12 വര്‍ഷമായി യു.എ.ഇയില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സ്റ്റാനും ജീവിതത്തിന്‍റെ ഒരു വഴിത്തിരിവിലാണ്. നഷ്ടപ്പെട്ട ജോലിക്ക് പകരം സൗദിയിലെ പ്രശസ്തമായ കമ്ബനിയില്‍ അവസരം ലഭിച്ചിട്ടുണ്ട്. അടുത്തദിവസം യു.എ.ഇയോട് വിടപറയാനിരിക്കെയാണ് ഒരു ‘കോടീശ്വര’ന്‍റെ പേഴ്സ് കളഞ്ഞുകിട്ടാനും അത് തിരിച്ചുനല്‍കാനും അവസരം കിട്ടിയത്. എല്ലാം തമ്പുരാൻ്റെ ഓരോ നിശ്ചയങ്ങള്‍ എന്നാണ് സ്റ്റാനിന്‍റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here