സോഷ്യലിസത്തിന്റേയും മമതാ ബാനര്‍ജിയുടേയും വിവാഹം ഞായറാഴ്ച; കമ്മ്യൂണിസവും ലെനിനിസവും മാര്‍ക്‌സിസവും സാക്ഷികളാവും

0
253

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്തില്‍ ഞായറാഴ്ച നടക്കാനിരിക്കുന്നൊരു കല്യാണമാണ് എല്ലാവരുടേയും ചര്‍ച്ചാ വിഷയം. കല്യാണത്തിന് കൗതുകമൊന്നുമില്ല. വിവാഹിതരാകുന്നവരുടെ പേരുകള്‍ക്കാണ് കൗതുകം.

വരന്‍- സോഷ്യലിസം, വധു- മമതാ ബാനര്‍ജി.

സി.പി.ഐ. ജില്ലാ സെക്രട്ടറി എ. മോഹന്റെ മകന്റെ പേരാണ് സോഷ്യലിസം. ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായി മമതാ ബാനര്‍ജി കത്തി നില്‍ക്കുന്ന സമയത്താണ് കോണ്‍ഗ്രസ് അനുഭാവിയായ കുടുംബത്തില്‍ ഈ മമതയുടെ പിറവി. ഇവര്‍ മോഹന്റെ ബന്ധുകൂടിയാണ്.

മോഹന്റെ മറ്റ് മക്കളുടെ പേര് കമ്മ്യൂണിസമെന്നും ലെനിനിസമെന്നുമാണ്. പേരിലെ ഈ വൈവിധ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന മോഹന്‍ സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മോഹന്റെ ഭാര്യ ആദ്യ മകനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന്‍ ശിഥിലമായത്. ഇതോടെ കമ്മ്യൂണിസം മരിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു.

ഇത് മോഹനെ അസ്വസ്ഥനാക്കി. അങ്ങനെയാണ് മൂത്ത മകന് കമ്മ്യൂണിസം എന്ന പേരിടുന്നത്. മനുഷ്യരാശി ഉള്ളിടത്തോളം കാലം കമ്മ്യൂണിസം നിലനില്‍ക്കുമെന്നും അതിനാലാണ് മകന് ഈ പേരിട്ടതെന്നും മോഹന്‍ പറയുന്നു.

മോഹന്റെ പേരക്കുട്ടിയുടെ പേര് മാര്‍ക്‌സിസം എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here