‘വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണി; കൂടുതൽ കാര്യങ്ങൾ പൊലീസിനോട് പറയും’: കെ. സുന്ദര

0
209

കാസർകോട്:(mediavisionnews.in) തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരിനോടു സാമ്യമുള്ള സ്ഥാനാർഥിയായ കെ. സുന്ദരയ്ക്ക് മത്സരത്തിൽനിന്നു പിന്മാറാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകിയെന്ന് വെളിപ്പെടുത്തിയിരുന്നു. ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീടു പിന്മാറിയ കെ. സുന്ദര, ബിജെപി നേതാക്കൾ വീട്ടിലെത്തി പണവും ഫോണും നൽകിയെന്ന് ഇന്നലെയാണ് വെളിപ്പെടുത്തിയത്.

പണം വാങ്ങിയിട്ടില്ലെന്നു തന്നോടു പറയാൻ അമ്മയോട് അവർ ആവശ്യപ്പെട്ടുവെന്നും പൊലീസിനോടു കൂടുതൽ വെളിപ്പെടുത്തുമെന്നും സുന്ദര കൂട്ടിച്ചേർത്തു. ‘15 ലക്ഷം രൂപയാണു ഞാൻ ആവശ്യപ്പെട്ടത്. ബിജെപി നേതാക്കൾ വീട്ടിലെത്തി എനിക്ക് അര ലക്ഷം രൂപയും അമ്മയുടെ കയ്യിൽ 2 ലക്ഷം രൂപയും പണമായി തന്നു. സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ, വീട് എന്നിവയും വാഗ്ദാനം ചെയ്തു. എന്നാൽ ഭീഷണിയോ ഉപദ്രവമോ ഉണ്ടായിട്ടില്ല. ജയിച്ചാൽ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രൻ ഫോൺ വിളിച്ചു പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യുകയാണെങ്കിൽ ഇക്കാര്യങ്ങൾ പറയാൻ തയാറാണ്’’. – സുന്ദര വിശദീകരിച്ചു.

നാമനിർദേശപത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര ഇപ്പോൾ പറയുന്നു. പക്ഷേ പണം തിരികെ കൊടുക്കാൻ കൈയിൽ ഇല്ല, ചെലവായിപ്പോയി. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരുടെയും പ്രലോഭനത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ.സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇത്തവണ ബിഎസ്പി സ്ഥാനാർഥി ആയാണ് പത്രിക നൽകിയത്. അംഗീകൃത പാർട്ടി ആയതിനാൽ ബാലറ്റിൽ കെ. സുരേന്ദ്രന്റെ തൊട്ടുമുൻപ് സുന്ദരയുടെ പേര് വരുമായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന്റെ തലേന്ന് അപ്രത്യക്ഷനായ സുന്ദര തിരിച്ചെത്തി പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here