വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്തില്‍ സംസാരിച്ചാലും ഇനി കുടുങ്ങും, കോള്‍ ഹിസ്റ്ററി നോക്കി ലൈസന്‍സ് തെറിപ്പിക്കും!

0
228

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ട്രാഫിക്ക് പൊലീസ് എന്നാണ് വിവരം.

ഫോൺ കയ്യിയിൽപ്പിടിച്ച് ചെവിയോടു ചേർത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇനി ഇതിനും നേരിടേണ്ടി വരുമെന്നും ഡ്രൈവിംഗ് ലൈസൻസ് പോകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നലിവില്‍ വാഹനം ഓടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂ. എന്നാല്‍ ഇനി ബ്ലൂടൂത്ത‍് സംസാരവും പിടികൂടും. തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്.

മൊബൈൽ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാൻഡ്സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി. ഇതിനും കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രശ്‍നം സൃഷ്‍ടിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് നീക്കം.

വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും. ഇതുവഴി ഫോണിൽ സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ, വാഹനം ഓടിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുള്ള എന്തും വാഹനത്തിൽ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.

വണ്ടി ഓടിക്കുന്നതിനിടെ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍‌ ഇനി പരിശോധന ഉറപ്പാണ്. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കാനും തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യാനും നീക്കമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോൺ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here