വാടക കുടിശ്ശിക നല്‍കിയില്ല; ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു

0
255

ബായാര്‍: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു. ബായാറിലും പരിസരത്തും നടക്കുന്ന ഗുണ്ടാ അക്രമവും പശു, മണല്‍ കടത്ത് സംഘങ്ങളെയും തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നുവര്‍ഷം മുമ്പ് ബായാര്‍ പദവില്‍ പള്ളിയുടെ കീഴിലുള്ള കെട്ടിടത്തില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.

2000 രൂപയായിരുന്നു മാസവാടക. വാടക ആദ്യഘട്ടത്തില്‍ ബായാറിലെ വ്യാപാരികള്‍ ചേര്‍ന്നാണ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നത് പൊലീസ് പതിവാക്കുകയും അതിനിടെ കച്ചവടം കുറയുകയും ചെയ്തതോടെ വ്യാപാരികള്‍ ഇതൊഴിവാക്കി. ഒരുമാസം മുമ്പ് പള്ളികമ്മിറ്റി ഭാരവാഹികള്‍ വാടക തുക ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വാടക കുടിശ്ശികയെ തുടര്‍ന്ന് ഇന്നലെ എയ്ഡ് പോസ്റ്റ് ഒഴിപ്പിക്കുകയായിരുന്നു. 7000 രൂപയോളം വൈദ്യുതി കുടിശ്ശിക അടക്കാനും ബാക്കിയുണ്ട്.

രാത്രിയും പകലുമായി അഞ്ച് പൊലീസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യവുമൊരുക്കിയിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളായ മുളിഗദ്ദെ, ചിപ്പാര്‍, ബായാര്‍, കന്യാല എന്നീ റോഡുകള്‍ ഒത്തുചേരുന്നിടത്താണ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഉപ്പളയിലും പരിസരങ്ങളിലും നടക്കുന്ന ഗുണ്ടാ അക്രമത്തിന് ശേഷം പലപ്പോഴും പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കുന്നത് ബായാര്‍ പദവ് വഴിയാണ്.

രാത്രി കാലങ്ങളില്‍ അനധികൃത പശു, മണല്‍കടത്ത് പതിവായതോടെ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ ഒരുപരിധിവരെ എയ്ഡ് പോസ്റ്റ് തുടങ്ങിയതോടെ സാധിച്ചിരുന്നു. ബായാറിലും പരിസരത്തും കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്ന സംഘത്തിനെതിരെയും നടപടി സ്വീകരിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് മിയാപ്പദവില്‍ പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നത് എയ്ഡ് പോസ്റ്റിലെ പൊലീസുകാരെ വെട്ടിച്ചാണ്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക വിട്ട്‌ള പൊലീസിന് പ്രതികളെ പിടികൂടാനായത്.

ഉപ്പളയില്‍ പൊലീസ് സ്റ്റേഷനില്‍ വേണമെന്ന ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല. പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവായതോടെ ഗുണ്ടകള്‍ അഴിഞ്ഞാടുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. ഉപ്പളയില്‍ അനുവദിച്ച പൊലീസ് സ്റ്റേഷന്‍ ബായാറില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പുശേഖരിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here