Friday, June 18, 2021

യുസഫലിയുടെ കാരുണ്യം; ആശങ്കകൾക്ക് ഒടുവിൽ അബുദാബിയിൽ നിന്ന് സ്വപ്‌നങ്ങൾ ചിറകിലേറ്റി ബെക്‌സ് കൃഷ്‌ണൻ നാട്ടിലെത്തി

Must Read

കൊച്ചി: വ്യവസായി എം എ യൂസഫലിയുടെ നിർണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്‌ണന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 8.20ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 1.45നാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. മകന്‍ അദ്വൈത്, ഭാര്യ വീണ എന്നിവർ കൃഷ്‌ണനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

2012 സെപ്‌തംബര്‍ ഏഴിനായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന ബെക്‌സ് കൃഷ്‌ണന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് കൃഷ്‌ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

സി സി ടി വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു എ ഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്. ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്‌തമിച്ച് നില്‍ക്കെയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ.യൂസഫലി ബെക്‌സ് കൃഷ്‌ണന് രക്ഷകനായി എത്തിയത്.

അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകൾക്ക് ശേഷം ദിയാധനമായി (blood money) 5 ലക്ഷം ദര്‍ഹം (ഒരു കോടി രൂപ) കുടുംബത്തിന് നൽകിയതോടെ ശിക്ഷ റദ്ദാക്കാൻ കോടതി തയ്യാറാവുകയായിരുന്നു. അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്‍റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം എ യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോദ്ധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്‌ചകള്‍ക്കും ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്‍റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്‍റെ കാരാഗ്രഹ വാസത്തിന് വിരാമമാകുന്നത്. വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബെക്‌സ് കൃഷ്‌ണന് യൂസഫലി ജോലി വാഗ്ദ്ധാനം ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സബർമതി നദിയിലെ വെള്ളത്തിൽ കൊറോണ വൈറസ്; നടുക്കി റിപ്പോർട്ട്

ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലെ വെള്ളത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്. നദിയിലെ ജലത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം...

More Articles Like This