മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായി; പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്പീക്കറുടെ റൂളിംഗ്

0
230

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ സ്പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടറിയേറ്റ് നോക്കണമെന്നും റൂളിംഗില്‍ പറഞ്ഞു.

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിംഗ്. ഈ ചോദ്യം ചോദിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു.

ആലത്തൂര്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ കെ.ഡി. പ്രസേനന്‍ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

ചോദ്യം അനുവദിച്ചതു ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും റൂള്‍സ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നുമായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്. ചോദ്യം സഭയില്‍ ഉന്നയിച്ചു രേഖയിലാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ഒഴിവാക്കാന്‍ കഴിയില്ലെന്നും അല്ലെങ്കില്‍ ചോദ്യം ഉന്നയിച്ച അംഗം തന്നെ അത് ഒഴിവാക്കണമെന്നു എഴുതി നല്‍കേണ്ടതുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ പ്രതിപക്ഷത്തോടുള്ള അവഹേളനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here