മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ പാലം തകർന്നു

0
336

മംഗളൂരു∙ നഗരത്തിൽനിന്നു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ മറവൂർ പാലം തകർന്നു. മംഗളൂരുവിൽനിന്നു വിമാനത്താവളത്തിലേക്കു പോകുമ്പോൾ പാലത്തിലെ ആദ്യ സ്പാൻ അര മീറ്ററോളം താഴ്ന്നു പോവുകയായിരുന്നു. ഇതേ തുടർന്നു പാലത്തിൽ വിള്ളലും വീണിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തകർന്നത്.

ഇതോടെ പാലത്തിൽ ഗതാഗതം നിരോധിച്ചു. ബജ്‌പെ, കാവൂർ സ്റ്റേഷനിൽനിന്നുള്ള പൊലീസുകാർ പാലത്തിന്റെ ഇരുവശത്തും കാവൽ ഏർപ്പെടുത്തി വാഹനങ്ങൾ തിരിച്ചു വിടുകയാണ്. മംഗളൂരുവിൽനിന്നു വിമാനത്താവളം, ബജ്‌പെ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വാമഞ്ചൂർ-ഗുരുപുര-കൈക്കമ്പ-ബജ്‌പെ, കൂളൂർ-ജോക്കട്ടെ കെബിഎസ്-പോർകോടി-ബജ്‌പെ തുടങ്ങിയ പാതകളിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ തന്നെ പാലത്തിനു ബലക്ഷയം റിപ്പോർട്ടു ചെയ്തതാണ്. തുടർന്നു തൊട്ടടുത്ത് പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി പുഴയുടെ ഒരു ഭാഗം മണ്ണിട്ടു തടഞ്ഞതോടെ ബാക്കി ഭാഗത്തു കൂടിയാണു വെള്ളം ഒഴുകുന്നത്. ഇത് പാലത്തിനു കേടുപറ്റാൻ കാരണമായിട്ടുണ്ടെന്നാണു കരുതുന്നത്. ഒപ്പം അനിയന്ത്രിതമായ മണൽ വാരലും കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ കന്നഡ ജില്ലയിൽ 3 വർഷത്തിനിടെ തകരുന്ന രണ്ടാമത്തെ പാലമാണിത്. 2018 ജൂൺ 26ന് മുളർപട്ടണ പാലം തകർന്നിരുന്നു. അതിനു 3 വർഷം തികയാൻ 10 ദിവസം മാത്രം ബാക്കിയിരിക്കെയാണ് മറവൂർ പാലത്തിന്റെ തകർച്ച.

പാലത്തിന്‍റെ രണ്ട് തൂണുകൾ തകർന്നതായി സംഭവസ്ഥലം സന്ദർശിച്ച മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ എൻ ശശി കുമാർ പറഞ്ഞു. ഉഡുപ്പി ഭാഗത്തു നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ മുല്‍ക്കി-കിന്നിഗോളി-കട്ടീൽ-ബജ്പെ വഴിയും മംഗളൂരു ഭാഗത്തു നിന്നുള്ളവര്‍ നന്തൂർ-വാമഞ്ചൂർ-ഗുരുപുര-കൈക്കമ്പ-ബജ്പെ വഴിയും പോകണമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here