ബെംഗളൂരുവില്‍ നിന്ന് സുഹൃത്തിന് തപാല്‍ മാര്‍ഗം മദ്യം അയച്ചു; എക്‌സൈസിന് വിവരം ചോര്‍ത്തി നല്‍കി ‘മിക്‌സച്ചറും എലിയും’

0
245

കൊച്ചി: സുഹൃത്തിന് തപാല്‍ മാര്‍ഗം അയച്ചു കൊടുത്ത മദ്യക്കുപ്പികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും സുഹൃത്ത് അയച്ച മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

മദ്യക്കുപ്പികള്‍ക്കൊപ്പം മിക്‌സച്ചറും വെച്ചതാണ് പാഴ്‌സല്‍ എക്‌സൈസ് പിടിയിലാവാന്‍ കാരണമായത്. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സലില്‍ എലി കരണ്ടിരുന്നു.

തുടര്‍ന്ന് പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. തപാല്‍ വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.എ. അശോക് കുമാറിനെ വിവരം അറിയിച്ചു. നിലവില്‍ എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ് പാഴ്‌സല്‍.

പാഴ്‌സലില്‍ അയച്ചയാളുടെയും വാങ്ങേണ്ട ആളുടെയും വിലാസവും ഫോണ്‍ നമ്പറുമെല്ലാം നല്‍കിയിട്ടുള്ളതിനാല്‍ ഇരുവരും ഇത്രയും വേഗം പിടിയിലാകാനാണ് സാധ്യത.

കേരളത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടതോടെ കര്‍ണാടകയില്‍ നിന്നും മദ്യക്കുപ്പികള്‍ രഹസ്യമായി എത്താറുണ്ടായിരുന്നു. മുന്‍കൂട്ടി ചില സൂചനകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന അന്വേഷണത്തിലാണ് ഇവ പിടി കൂടാറുള്ളത്.
എന്നാല്‍ ഇപ്രാവശ്യം വളരെ പരസ്യമായ രീതിയില്‍ തപാല്‍ മാര്‍ഗം എത്തിയ മദ്യമാണ് എക്‌സൈസ് വകുപ്പിന് മുന്‍പിലെത്തിയത്.

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന പശ്ചാത്തലത്തില്‍ ബാറുകളും ബെവ്‌കോ ആപ്പും അടുത്ത ദിവസങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും നടപടികള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here