‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് എനിക്ക് അറിയാം’; അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

0
294

കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും സംഘത്തിലുണ്ടെന്നും, രക്ഷിക്കാന്‍ ആരുമുണ്ടാവില്ലെന്നുമാണ് പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.

‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് എനിക്ക് അറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല, പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും ഇതിലുണ്ട്. എല്ലാവരും കൂടി പണി തരും. സംരക്ഷിക്കാന്‍ ആരുമുണ്ടാവില്ല,’ വാട്‌സാപ്പിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.

നാല് വര്‍ഷത്തിനിടെ അര്‍ജുന്‍ നടത്തിയത് കോടികളുടെ പിടിച്ചുപറിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സി.പി.ഐ.എമ്മുമായി അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവരെ തള്ളി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് എം.വി. ജയരാജന്‍ പറഞ്ഞത്.

അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നു.

എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത് അറിഞ്ഞ അര്‍ജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം ഇവരെ പിന്തുടര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അപകടമുണ്ടായത്.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് അര്‍ജുന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണ്.

അതിനിടെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കഴിഞ്ഞദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അഴീക്കോട് കപ്പക്കടവിലെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്.

അര്‍ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജുന്‍ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി. ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. എന്നാല്‍ റെയ്ഡിനെത്തിയ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here