കുരുക്കിലാക്കിയ മൊഴി

മഞ്ചേശ്വരത്തെ കോഴയാരോപണത്തിൽ ബിജെപിയെ കൂടുതൽ കുരുക്കിലാക്കിയാണ് കെ. സുന്ദര ഇന്നലെ പൊലീസിന് മൊഴി നൽകിയത്. ബിജെപി പ്രവർത്തകർ രണ്ടരലക്ഷവും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ. സുന്ദര പൊലീസിനോട് പറഞ്ഞു. പണം നൽകാനെത്തിയ സംഘത്തിൽ കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് ഉണ്ടായിരുന്നെന്നും മൊഴിയുണ്ട്. അതേസമയം, സിപിഎം എത്ര ലക്ഷം കൊടുത്തിട്ടാണ് സുന്ദര നിലപാട് മാറ്റിയത്  എന്ന് അന്വേഷിക്കട്ടെയെന്നാണ് കെ.സുരേന്ദ്രന്‍റെ പ്രതികരണം.

ബിജെപി നേതാക്കളായ സുനിൽ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുൾപ്പെടുന്ന സംഘം 2016 മാർച്ച് 21-ന് വീട്ടിലെത്തി പണം നൽകിയെന്നാണ് സുന്ദര ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. കെ.സുരേന്ദ്രൻ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകിയാതായും സുന്ദര.  പണം നൽകുന്നതിന് മുമ്പ് പത്രിക പിൻവലിക്കാൻ ബിജെപി സംഘം ഭീഷണിപ്പെടുത്തി. കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത യുവമോർച്ച മുൻനേതാവ് സുനിൽ നായ്ക് പണവുമായെത്തിയ സംഘത്തിലുണ്ടായിരുന്നെന്നും സുന്ദരയുടെ മൊഴിയിൽ പറയുന്നു. മാർച്ച് 21-ന് സുന്ദരയുടെ വീട്ടിലെത്തി സുനിൽ നായ്കും സംഘവുമെടുത്ത ഫോട്ടോ സുനിൽ നായ്ക് തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഈ ഫോട്ടോകൾ കൂടി പുറത്തുവന്നതോടെ അന്വേഷണം സുനിൽ നായ്ക്കിലേക്ക് കൂടി നീളുമെന്ന് ഉറപ്പായി.

പരാതിക്കാരൻ വി വി രമേശനും ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. ഈ മൊഴികളെല്ലാം വിശദമായി പരിശോധിച്ച് കെ.സുരേന്ദ്രനെ ഉൾപ്പെടെ പ്രതിചേർത്ത് കേസ് രജിസ്റ്റ‌ർ ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോടതി അനുമതി കൂടി ലഭിച്ചതോടെ കൂടുതൽ കുരുക്ക് മുറുകുകയാണ് സുരേന്ദ്രന്. വാർത്ത പുറത്ത് വന്ന ശേഷം പണം വാങ്ങിയിട്ടില്ലന്ന് പറയാൻ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണെന്ന് സുന്ദര പൊലീസിനോട് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ സുന്ദരക്ക് സുരക്ഷയൊരുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.