കോവിഡ്​ മൂന്നാം തരംഗം രണ്ടു മാസത്തിനകമെന്ന മുന്നറിയിപ്പുമായി​ ‘എയിംസ്​’ മേധാവി

0
221

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. അടുത്ത് ആറ്– എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകൾ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ.

അൺലോക്കിങ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആൾക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു. ദേശീയ തലത്തിൽ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷേ ആറ് മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കിൽ കുറച്ച് നീളാം– ഗുലേറിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

എങ്ങനെ പെരുമാറുന്നുവെന്നും ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും ക്ഷാമമായിരുന്നു. ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങൾ രംഗത്തെത്തി. പ്രതിദിന കോവിഡ് കണക്ക് കുറഞ്ഞുവരുന്നതിനിടെയാണ് മൂന്നാം തരംഗമെന്ന മുന്നറിയിപ്പ് വരുന്നത്. സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here