‘എന്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റു’; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബംഗാള്‍ സിപിഎം

0
340

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റിയാണ് പാര്‍ട്ടിയുടെ തോല്‍വി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബംഗാളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ത്തതാണ് തോല്‍വിക്ക് പ്രധാനമായ കാരണമെന്ന് 24 പേജുള്ള റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വിലയിരുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. സര്‍ക്കാറിന്റെ മോശം ഭരണമാണ് സിപിഎം തുറന്നുകാണിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ ആക്രമണം പ്രചാരണത്തില്‍ ഉണ്ടായതുമില്ല. തൃണണൂലിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുക എന്നതായിരുന്നു നയം. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശമുണ്ടാക്കി-റിപ്പോര്‍ട്ട് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയാണോ തൃണമൂല്‍ കോണ്‍ഗ്രസാണോ മുഖ്യശത്രു എന്നതില്‍ സിപിഎമ്മിനിടയില്‍ ആശയക്കുഴപ്പമായിരുന്നു. അങ്ങനെയാണ് ഇരു പാര്‍ട്ടികളെയും ഒരേപോലെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് കൂടുതല്‍ ലക്ഷ്യം വെച്ചത്. ഇത് പാര്‍ട്ടിക്ക് ബിജെപിയോട് മൃദുസമീപനമാണെന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചു. മമതയെ താഴെയിറക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് മാറി. മമതയെ താഴെയിറക്കുക എന്നതായി പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രധാനലക്ഷ്യം. അങ്ങനെയാണ് ബിജെപിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറഞ്ഞത്-സിപിഎം നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് സിപിഎം നേരിട്ടത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. ഏറെക്കാലം ബംഗാള്‍ ഭരിച്ച സിപിഎമ്മിന് ഒരു സീറ്റുപോലും നേടാനായില്ല. കേരളത്തില്‍ തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ചപ്പോഴാണ് ബംഗാളില്‍ സിപിഎം തകര്‍ന്നടിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here