Friday, June 18, 2021

അനധികൃത വിദേശികളെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ‘കരുതല്‍ കേന്ദ്രങ്ങള്‍’ ഒരുക്കുന്നു; സഹായം തേടി സാമൂഹ്യ നീതിവകുപ്പ് വിജ്ഞാപനം

Must Read

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്‌പോര്‍ട്ട് / വിസ കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റെന്‍ഷന്‍ സെന്റര്‍ (കരുതല്‍ കേന്ദ്രം) സ്ഥാപിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തിവച്ച നടപടിയാണ് വീണ്ടും തുടങ്ങുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ആര്‍സി), പൗരത്വ ഭേദഗതി (സിഎഎ) നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ നേരത്തെ ഇത്തരം ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കം സംസ്ഥാനത്ത് വിവാദത്തിന് ഇടയാക്കിയിരുന്നു. അന്ന് നിര്‍ത്തിവച്ച നടപടികളാണ് ഇപ്പോള്‍ വീണ്ടും തുടങ്ങുന്നത്. സാമൂഹ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച പുനര്‍വിജ്ഞാപനത്തിലാണ് ഇത്തരത്തില്‍ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുന്നത്.

ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരിക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇത്തരം ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ ഈ മാസം 15 ന് മുന്‍പ് വിശദമായ പ്രപ്പോസല്‍ സമര്‍പ്പിക്കണം എന്നാണ് വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നത്. ഒരേസമയം പത്ത് പേരെ താമസിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രമാണ് ഒരുക്കാന്‍ ആവശ്യപ്പെടുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കുമെന്നും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, സോഷ്യല്‍വര്‍ക്കറുടെ സേവനം, സിസിടിവി, മുള്ളുവേലി, അഗ്നിരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരുക്കണമെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമ ലംഘനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കി തിരികെ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ച് പോവുന്നതിനുള്ള നിയമ നടപടി കാത്തിരിക്കുന്ന വിദേശികള്‍
രാജ്യം വിടുന്ന വരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് കേന്ദ്രങ്ങള്‍ എന്നാണ് സാമൂഹ്യ നീതി വകുപ്പ് ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണം.

2012 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാറാണ് സംസ്ഥാനത്ത് അദ്യമായി ഇത്തരത്തിലുള്ള ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ പിന്നീട് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഉടനീളം ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കില്ലെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിരുന്നു. 2020 ഫെബ്രുവരി 11 ന് നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

എന്നാല്‍ സാമൂഹ്യ നീതി വകുപ്പ് ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവാനുള്ള പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴും ഇക്കാര്യത്തില്‍ നേതാക്കള്‍ ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്‍ആര്‍സിയും പൗരത്വ ഭേതഗതി നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനം ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2019 ഡിസംബര്‍ 31ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പ്രമേയവും പാസാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം...

More Articles Like This