ഫലം പുറത്തുവന്നപ്പോള്‍ ലീഗ് എങ്ങനെ വര്‍ഗീയമായി; തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട് പോയ കെമാല്‍ പാഷയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

0
430

കൊച്ചി: മുസ്‌ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നുമുള്ള റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളെ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എറണാകുളം കളമശേരി സീറ്റില്‍ കണ്ണും നട്ട് പാണക്കാട് തറവാട്ടിലെത്തിയ കെമാല്‍ പാഷക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ലീഗ് എങ്ങനെ വര്‍ഗീയമായെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍.

‘സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് താന്‍ യു.ഡി.എഫുകാരനാണെന്നും യു.ഡി.എഫ് രാഷ്ട്രീയമാണ് തനിക്കിഷ്ടമെന്നും പറഞ്ഞ പാഷ പിണറായിയെയും ഇടതു മുന്നണിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു, അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തനിക്ക് ഈ അഴിമതിക്കെതിരെ മത്സരിച്ച് ജയിക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അദ്ദേഹം പ്ലേറ്റ് തിരിച്ചുപിടിക്കുകയാണ്,’ ലീഗ് അണികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു.

ഒരു നിയമസഭാ സീറ്റാണത്രേ കെമാല്‍ പാഷയുടെ മതേതര സര്‍ട്ടിഫിക്കറ്റിന്റെ വില. ലീഗിനെ പൊക്കി പറഞ്ഞവന് ഇപ്പോള്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയായി, കോണ്‍ഗ്രസ് തകര്‍ച്ചയിലായപ്പോള്‍ പിണറായി പുണ്യവാളനായി. ഇതൊക്കെ സൂചിപ്പിക്കുന്നത് അദ്ദേഹം അവസരവാദ രാഷ്ട്രീയം കളിക്കുന്നതിന്റെ തെളിവാണെന്നും വിമര്‍ശനമുയര്‍ന്നു.

നേരത്തെ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും കെമാല്‍ പാഷ രംഗത്തെത്തിയിരുന്നു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം  ലീഗ് മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പാഷ പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അങ്ങനെ ഒരു ഭരണം കൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു.
ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും കാരണം പ്രതിപക്ഷം ഇതേപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ തനിക്ക് ഉണ്ടായിരുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

പിണറായി കുറേ പഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഉപദേശികള്‍ പിണറായിയെ തെറ്റായ വഴിക്ക് നയിച്ച് ഒരപാട് ചൂടുവെള്ളത്തില്‍ ചാടിച്ചെന്നും അത് തിരിച്ചറിഞ്ഞ് മാറ്റി ‘വിവരംകെട്ട ഉപദേശകളെ’ എടുത്തു കളഞ്ഞ് പിണറായി വിജയന്‍ സ്വന്തമായി ഭരിച്ചാല്‍ നന്നായിരിക്കുമെന്നും പാഷ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here