ശൈലജയെ മാറ്റിനിര്‍ത്തിയതില്‍ സിപിഐഎം ദേശീയ നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

0
417

തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ സിപിഐഎം ദേശീയ നേതൃത്വത്തില്‍ വലിയ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെകെ ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ വിലപോവില്ല.

കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. കണ്ണൂരില്‍ നിന്ന് ശൈലജയ്‌ക്കെതിരെ ചരടുവലികള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളെക്കാള്‍ വലിയ ജനപിന്തുണയാണ് സമീപകാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് ലഭിച്ചത്. കേരളത്തിലെ ഒരു ആരോഗ്യമന്ത്രിക്ക് ഇത്രയധികം അന്താരാഷ്ട്ര പിന്തുണയും ഇതാദ്യമായിട്ടാണ് ലഭിക്കുന്നത്.

പാര്‍ട്ടിയിലെ ഗ്രൂപ്പുകളില്‍ വലിയ സ്വാധീനമില്ലാതിരുന്ന ശൈലജയെ എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞു. അതേസമയം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ തലവേദനയാകും. അണികള്‍ക്കിടയില്‍ നിന്ന് പരസ്യ പ്രതികരണം ഉണ്ടായാല്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തില്‍ പിന്നോക്കം പോകേണ്ടി വന്നേക്കും. മുന്‍പ് വിഎസ് അച്യൂതാനന്ദന് വേണ്ടി അത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here