വെള്ളം ഒഴിച്ചല്ല ആ ഒരു ലക്ഷത്തോളം ഡോസ് വാക്‌സിൻ അധികം കേരളം കണ്ടെത്തിയത്; കേന്ദ്രം അനുവദിച്ചതിനേക്കാൾ കൂടുതൽ വാക്‌സിൻ നമ്മുടെ നഴ്‌സുമാർ കുത്തിവെച്ചത് ഇങ്ങനെ

0
479

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിനിടെ രാജ്യം കനത്ത വാക്‌സിൻ ക്ഷാമം നേരിടുമ്പോൾ കിട്ടിയ വാക്‌സിന്ൽ നിന്നും കൂടുതൽ കുത്തിവെച്ച് മാതൃകയായി കേരളവും കേരളത്തിലെ നഴ്‌സുമാരും. കേരളത്തിന് അനുവദിച്ച 73,38,860 ഡോസ് വാക്‌സിൻ കൊണ്ട് 74,26,164 പേർക്കുള്ള ഡോസ് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.

അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസവുമായി ചിലർ രംഗത്തെത്തിയിരുന്നു. കേന്ദ്രം നൽകാതെ എങ്ങനെയാണ് ഒരു ലക്ഷത്തോളം ആളുകൾക്ക് അധികമായി വാക്‌സിൻ നൽകിയതെന്നും വാക്‌സിനിൽ വെള്ളം ചേർത്താണോ നൽകിയതെന്നുമൊക്കെ ആയിരുന്നു പരിഹാസം.

എന്നാൽ കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ പ്രത്യേകിച്ച് കേരളത്തിലെ നഴ്‌സുമാരുടെ മിടുക്കാണ് കോവിഡ് വാക്‌സിൻ ഒരു തുള്ളി പോലും പാഴാവാതെ ഇത്രയും പേർക്ക് ഡോസ് നൽകാൻ സാധിച്ചതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വിദഗ്ധർ.

covid-vaccine

കേരളം ഈ നേട്ടം സാധ്യമാക്കിയത് കുത്തിവെപ്പിനായി എടുക്കുന്ന വാക്‌സിനിൽ നിന്നും വേസ്റ്റായി പോവുന്ന വാക്‌സിൻ കണക്കാക്കി കൂടുതലായി ഉൾപ്പെടുത്തുന്ന ഡോസ് കൃത്യമായി ഉപയോഗിച്ചാണ്.

ഒരു വാക്‌സിൻ വയലിനകത്ത് പത്ത് ഡോസ് വാക്‌സിനായിരിക്കും ഉണ്ടാവുക. ഇത് ആറുമണിക്കൂറിനുള്ളിലാണ് ഉപയോഗിക്കേണ്ടത്. ഒരു വാക്‌സിൻ വയലിൽ 5 മില്ലി വാക്‌സിൻ ആണ് ഉണ്ടാവുക. ഒരു ഡോസിന് വേണ്ടത് 0.5 മില്ലിയാണ്. ഒരോ വയലിലും വാക്‌സിൻ എടുക്കുമ്പോൾ ഉള്ള വേസ്റ്റേജ് കണക്കാക്കി 0.5 മില്ലിയുടെ ഒരു എക്‌സ്ട്രാ വാക്‌സിൻ ഉണ്ടാവും. ഇത് കൃത്യമായ പ്ലാനിങ്ങോടെ ഒരു തുള്ളി പോലും കളയാതെ അധികം വന്ന ഈ ഡോസ് ഒരു പുതിയ വ്യക്തിക്ക് കേരളം ഉപയോഗിച്ചു. ഇത്തരത്തിലാണ് കേരളം എക്‌സ്ട്രാ ഡോസുകൾ ഉപയോഗിച്ചത്.

covid-vaccine_

കേരളം മാത്രമല്ലല്ലോ വാക്‌സിൻ കുത്തിവെയ്ക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലും വാക്‌സിൻ കുത്തിവെയ്ക്കുന്നില്ലേ എന്ന ചോദ്യത്തിന് വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കുത്തിവെച്ചത് കേരളം മാത്രമാണെന്ന് മാത്രമാണ് മറുപടി. മറ്റു സംസ്ഥാനങ്ങളിൽ വാക്‌സിൻ പാഴാക്കിയത് വലിയ രീതിയിലാണ്. തമിഴ്‌നാട്ടിലാണ് ഏറ്റവും വലിയ രീതിയിൽ കൊവിഡ് വാക്‌സിന് പാഴാക്കിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here