വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്‌കാരത്തിലായിരുന്നു; ഇസ്രയേല്‍ വേട്ടക്കിടെ മസ്ജിദുൽ അഖ്‌സയിലെ കാഴ്ചകൾ

0
380

മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.

ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി വിശ്വാസികളെ നേരിട്ട വേളയിലാണ് ഇതൊന്നും കൂസാതെ ചിലർ അവരുടെ ആരാധനാ കർമങ്ങളിൽ മുഴുകിയത്. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.

ചില വിശ്വാസികൾ തൊട്ടടുത്ത് ഗ്രനേഡ് പൊട്ടിയത് മൂലം പ്രാർത്ഥന നിർത്തി സ്വയംരക്ഷ നേടുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.

ഇന്നലെ രാത്രിയുണ്ടായ സൈന്യത്തിന്റെ അഴിഞ്ഞാട്ടത്തിൽ 205 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. 17 സൈനികർക്കും പരിക്കു പറ്റി. വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയിലായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം.

പൊലീസ് വെടിവെപ്പ് തുടങ്ങിയ വേളയിൽ അവർക്കു നേരെ കല്ലും ഷൂവും കസേരയും എറിയുന്ന വിശ്വാസികളെയും കാണാം. എന്നാൽ സൈനികർ കൂട്ടത്തോടെ ഇരച്ചു വന്ന് വിശ്വാസികൾക്കു നേരെ വിവേചന രഹിതമായി വെടിവയ്ക്കുകയാരുന്നു.

ലൗഡ് സ്പീക്കറിലൂടെ സൈന്യത്തോട് വെടിവെപ്പും ഗ്രനേഡ് ഉപയോഗവും നിർത്താൻ മസ്ജിദ് അധികൃതർ അഭ്യർത്ഥിച്ചിരുന്നു. പൊലീസ് നിർത്തിയാൽ യുവാക്കളും ശാന്തരാകും എന്നും അധികൃതർ പറഞ്ഞു. എന്നാൽ അതു ചെവിക്കൊള്ളാൻ സേന തയ്യാറായില്ല.

കിഴക്കൻ ജറൂസലമിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവരെയാണ് മസ്ജിദുൽ അഖ്സയ്ക്ക് അകത്തും പുറത്തുംവച്ച് ഇസ്രയേൽ പൊലീസ് നേരിട്ടത്. ‘ഈ സംഘത്തിനൊപ്പം ഞാൻ നിന്നില്ലെങ്കിൽ അവർ നാളെ എന്റെ വീട്ടിലേക്കും ഓരോ ഫലസ്തീനിയുടെ വീട്ടിലേക്കും വരും’ – പ്രതിഷേധക്കാരിൽ ഒരാളായ 23കാരൻ ബഷാർ മഹ്‌മൂദ് പറഞ്ഞു.

മസ്ജിദുൽ അഖ്സയോട് ചേർന്ന ശൈഖ് ജർറാഹ് പ്രദേശത്തു നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനാണ് ഇസ്രയേൽ ശ്രമം. ഇതിനെതിരെ ആഴ്ചകളോളമായി തദ്ദേശീയരും ഫലസ്തീൻ ഐക്യദാർഢ്യ പ്രവർത്തകരും പ്രതിഷേധമുയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here